തൊടുപുഴ:കൃഷിഭവനുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാർഷികവികസന സമിതികളിൽ കർഷകരെ ഒഴിവാക്കി രാഷ്ട്രീയക്കാരെ കുത്തിനിറയ്ക്കുന്നു.

ഇത് മൂലം കൃഷിഭവനുകളുടെ പ്രവർത്തനങ്ങൾ താളം തെറ്റുന്നതായും യഥാർത്ഥഗുണഭോക്താക്കൾക്ക് ആനുകൂല്യം നിഷേധിക്കുന്നതായും ആക്ഷേപം. നിയമസഭയിൽ അംഗത്വമുള്ള രാഷ്ട്രീയ പാർട്ടികളുടെ ഓരോ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രാദേശിക കാർഷികവികസന സമിതികൾ രൂപീകരിക്കണമെന്ന വ്യവസ്ഥ സർക്കാർ ഭേദഗതെചെയ്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അംഗങ്ങളായിട്ടുള്ളവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി കാർഷികവികസ സമിതികൾ പുനസംഘടിപ്പിക്കണമെന്ന് 2018 ഒക്ടോബറിൽ പുതിയ ഉത്തരവിറക്കിയതാണ് അംഗങ്ങളുടെ തള്ളിക്കയറ്റത്തിന് ഇടയാക്കിയത്. ഇതോടെ ഓരോരാഷ്ട്രീയ പാർട്ടികളുടെ അഞ്ചും ആറും അംഗങ്ങൾ സമിതിയിൽ കടന്നുകൂടി. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ സമിതികളിൽ കൂടുതലായി വരുന്ന

തായി വ്യാപകപരാതികളും ഉയർന്നിരുന്നു. ചിലയിടങ്ങളിൽ കൃഷിഭവനുകളുടെ

പ്രവർത്തനത്തെപ്പോലും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഓരോ രാഷ്ട്രീയ പാർട്ടികളുടേയും പ്രാദേശിക, ജില്ലാ നേതാക്കൾ നൽകുന്ന പട്ടിക അതേപടി അംഗീകരിക്കുന്ന നിലപാടാണ് ജില്ലാ കൃഷി ഓഫീസർ സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളും വിവിധഎജൻസികളും കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന പദ്ധതികളുടെ സുതാര്യത ഉറപ്പ് വരുത്തുന്നതിനും കാർഷിക മേഖലയിൽ പ്രാദേശികമായി പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനുമാണ് സമിതികൾ രൂപീകരിച്ചത്. എന്നാൽ കൃഷിയുമായി യാതൊരു ബന്ധവുമില്ലാത്തവരെ തിരുകി കയറ്റി സമിതികൾ വെറും പ്രഹസനമാക്കിയതോടെ ആർക്കും പ്രയോജനില്ലാത്ത ആൾക്കൂട്ടമായി ഇത് മാറി. രണ്ട് മാസത്തിൽ ഒന്ന് എന്ന രീതിയിൽ നിർബന്ധമായും സമിതിയോഗം ചേരണമെന്നാണ് വ്യവസ്ഥയെങ്കിലും ആവശ്യമെങ്കിൽ എത്ര തവണയും ചേരാമെന്നും വ്യവസ്ഥയുണ്ട്. യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് നൂറ് രൂപവീതം സിറ്റിംഗ് ഫീസുമുണ്ട്.

ജംബോസമിതി

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ കൂടാതെ 2 നഗരസഭകളിലും 52 പഞ്ചായത്തുകളിലുമായി ജില്ലയിൽ 1433 അംഗങ്ങളാണ് കാർഷിക വികസന സമിതിയിലുള്ളത്.

എട്ട് ബ്ളോക്ക് മേഖലയിലെ കാർഷിക വികസന സമിയിയംഗങ്ങൾ -

ബ്ളോക്ക്, കൃഷിഭവൻ, അംഗങ്ങൾ എന്ന ക്രമത്തിൽ

തൊടുപുഴ - 7 - 208

ഇളംദേശം - 7 - 165

ഇടുക്കി - 6 - 193

കട്ടപ്പന -7 -167

നെടുംങ്കണ്ടം -7 - 196

പാരുംമേട് -6 - 157

ദേവികുളം - 8 - 195

അടിമാലി -5 -152

സമിതിയുടെ ഘടന -

അദ്ധ്യക്ഷൻ - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷർ

കണവീനർ - കൃഷി ഓഫീസർ

അംഗങ്ങൾ

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ

രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ

കാർഷിക സംഘങ്ങൾ

കാർഷിക മേഖലയുമായി ബന്ധപ്പെട്ട ബാങ്കുകൾ

കൃഷിഭവൻ ഉദ്യോഗസ്ഥർ