മറയൂർ: പഴനിമല തീർത്ഥടനസംഘം സഞ്ചരിച്ച കാർ പറമ്പിക്കുളം- ആളിയാർ പ്രോജക്ട് കനാലിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പെടെ ആറുപേർ മുങ്ങി മരിച്ചു.
കോയമ്പത്തൂർ മസക്കാളിപാളയം സ്വദേശികളായ പ്രകാശ് (45), ഭാര്യ ചിത്ര (40), മകൾ പൂജ (8), പ്രകാശിന്റെ സഹോദര ഭാര്യ ലത (48), ലതയുടെ മകൾ ധരണി (9), പ്രകാശിന്റെ സഹോദരി സുമതി (47), എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലർച്ചെ 1.30 ന് ഉദുമലപേട്ട- പൊള്ളാച്ചി റോഡിൽ തമിഴ്നാട്ടിലെ ഗണ്ടിമേട് ഭാഗത്താണ് അപകടം നടന്നത്. രാത്രിയിൽ സംഭവിച്ച അപകടത്തെക്കുറിച്ച് ഇന്നലെ നേരം പുലർന്ന ശേഷമാണ് നാട്ടുകാർ അറിഞ്ഞത്. റോഡിന്റെ സംരക്ഷണഭിത്തി തകർന്നിരിക്കുന്നത് കണ്ട് ശ്രദ്ധിച്ചപ്പോഴാണ് കനാലിൽ മുങ്ങിയ നിലയിൽ കാർ കണ്ടത്. പിന്നീട് കോമംഗലം സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തി ക്രെയിൽ ഉപയോഗിച്ച് കാർ ഉയർത്തുകയായിരുന്നു. അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നതിനാൽ കാറിന്റെ ചില്ലുതകർത്താണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തിൽ മരിച്ച പ്രകാശിന്റെ സഹോദരൻ പന്നീർ സെൽവത്തിന്റെ ഉടമസ്ഥതയിലുള്ള റ്റിഎൻ- 37/ ഡിബി 9777 നിസാൻ സണ്ണികാറാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചത്. കനാലിൽ നിറയെ വെള്ളം ഒഴുകിയിരുന്നതിനാൽ കാർ പൂർണമായും മുങ്ങിത്താഴ്ന്നിരുന്നു. മൃതദേഹങ്ങൾ പൊള്ളാച്ചി ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.