മറയൂർ: വനസംരക്ഷണത്തിൽ കാർക്കശ്യവും കാഠിന്യവുമേറിയതുമായ മറയൂർ ചന്ദനക്കാടുകൾ വനപാലകരുടെ പരിശീലനത്തിന് പാഠശാലയായി മാറുന്നു. കോടികൾ വിലമതിക്കുന്ന പതിനായിരക്കണക്കിന് ചന്ദനമരങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം ഇവിടുത്തെ വനം- വന്യജീവി സംരക്ഷണവും മറ്റേതൊരു മേഖലയെക്കാളും ബുദ്ധിമുട്ടേറിയാണ്. കേരളത്തിലെ വനം വകുപ്പ് ജീവനക്കാരുടെ പരിശീലന കാലഘട്ടത്തിൽ മറയൂരിൽ നിന്നും ലഭിക്കുന്ന അറിവുകളും അനുഭവങ്ങളും ഏറെ വിലപ്പെട്ടതാണെന്ന് പരിശീലനത്തിന് എത്തിയവർ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനത്ത് വാളയാർ, അരിപ്പ എന്നീ രണ്ടു പരിശീലന കേന്ദ്രങ്ങളാണുള്ളത്. ഇവിടെ 6 മാസത്തെ പരിശീലനവും പൊലീസ് അക്കാദമിയിൽ മൂന്നു മാസത്തെ പരിശീലനവുമാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. ഈ പരിശീലനത്തിനിടയിലാണ് മറയൂരിലെ ചന്ദന സംരക്ഷണരീതിയെ കുറിച്ചുള്ള അറിവുകൾ ലഭിക്കുന്നത്. ചന്ദന ഡിപ്പോയുടെ പ്രവർത്തനരീതി, ഡോഗ് സ്‌ക്വാഡിന്റെ പ്രവർത്തനശൈലി, രാത്രി പട്രോളിംഗ് എന്നിവയെല്ലാം ഇവർക്ക് പാഠ്യവിഷയമാക്കും. പരിശീലനത്തിന്റെ ഭാഗമായി വാളയാർ ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും 47 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ മറയൂരിൽ എത്തി. 21 സ്ത്രീകളും 26 പുരുഷൻമാരുമടങ്ങിയ സംഘത്തെ റെയിഞ്ച് ഓഫീസർ എസ്. രഞ്ജിത്ത് കുമാർ നയിച്ചു. മറയൂർ സാൻഡൽ ഡിവിഷൻ ഡി .എഫ് .ഒ ബി.രഞ്ജിത്ത്, റെയിഞ്ച് ഓഫീസർ ജോബ് ജെ.നര്യാംപറമ്പിൽ എന്നിവർ ക്ലാസ് എടുത്തു.