രാജാക്കാട്: ചിന്നക്കനാലിൽ നിന്നും വേട്ടയാടിയ കേഴമാനിന്റെ ജഡവുമായി പോകുകയായിരുന്ന ആട്ടോറിക്ഷ വനപാലകർ പിന്തുടർന്ന് പിടികൂടി. ആട്ടോറിക്ഷയുടെ ഉടമയും ഡ്രൈവറുമായ ആർ.ജോസ് ഓടി രക്ഷപെട്ടു.

ചിന്നക്കനാൽ മുത്തമ്മ ആദിവാസി കോളനിയിൽ നിന്നും കേഴമാനിനെ കൊന്ന് കടത്തിക്കൊണ്ട് പോകുന്നതായി ഇന്നലെ രാവിലെ വനപാലകർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ബോഡിമെട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ദീലിപ് ഖാൻ, ദേവികുളം റേഞ്ച് ഓഫീസർ നെബു കിരൺ, ചിന്നക്കനാൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൻ സാബു എന്നിവരുടെ നേത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. വാഹന പരിശോധനയ്ക്കിടെ എത്തിയ ആട്ടോറിക്ഷ സംഘത്തിന് പിടികൊടുക്കാതെ വേഗത്തിൽ മുന്നോട്ട് പോയി. സംശയംതോന്നിയ വനപാലകർ ആട്ടോയെ പിന്തുടർന്നു. എസ്റ്റേറ്റ് പുപ്പാറയ്ക്ക് സമീപമെത്തിയപ്പോൾ വാഹനം ഉപേക്ഷിച്ച് ഡ്രൈവർ ഇറങ്ങി ഓടി. ഉദ്യോഗസ്ഥർ വാഹനം പരിശോധിപ്പോഴാണ് കേഴമാനിനെ കൊന്ന് വച്ചിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുത്തമ്മ കോളനി നിവാസിയായ ആർ.ജോസ് ആണ് ആട്ടോയുടെ ഉടമയും ഡ്രൈവറുമെന്ന് മനസിലായത്. കേഴമാനിന്റെ ജഡം പോസ്റ്റു മോർട്ടം ചെയ്തു. ആന്തരീകാവയവങ്ങൾക്കുണ്ടായ പരിക്കാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒളിവിൽ പോയ ജോസിനെ പിടികൂടാൻ തിരച്ചിൽ ശക്തമാക്കി.