roy
റോയി.

ചെറുതോണി: നാലരലിറ്റർ ചാരായവും 210 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. വിമലഗിരി ഈയൽസിറ്റിയിൽ ഊന്നുകല്ലേൽ റോയി (44) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ രാവിലെ എക്‌സൈസ് ഉദ്യോഗസ്ഥർ വീട് വളഞ്ഞാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഉദ്യോഗസ്ഥരെത്തുമ്പോൾ പ്രതി ചാരായം വാറ്റിക്കൊണ്ടിരിക്കുകയായിരുന്നു. പത്തേക്കറോളം വിസ്തൃതിയുള്ള സ്ഥലത്തിന് നടുവിലുള്ള വീടിനുള്ളിലാണ് ഗ്യസ് സ്റ്റൗവും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് ചാരായം നിർമ്മിച്ചിരുന്നത്. സമീപത്തെ ചാർത്തിലാണ് കോട സൂക്ഷിച്ചിരുന്നത്. മാസങ്ങളായി ഇയാൾ വലിയതോതിൽ ചാരായം വാറ്റിയിരുന്നതായി നാട്ടുകാർ പറയുന്നു. വൻതോതിൽ നിർമിക്കുന്ന ചാരായം ആവശ്യക്കാർക്ക് സ്ഥലത്തെത്തിച്ചും വീട്ടിൽലെത്തുന്നവർക്ക് ചില്ലറയായും വിൽപ്പന നടത്തുകയായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് വാറ്റിയിരുന്നതിനാൽ കുറഞ്ഞ സമയത്തിൽ കൂടുതൽ ചാരായം നിർമ്മിക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എക്‌സൈസ് ഇൻസ്‌പെക്ടർ സുനിൽ ആന്റോ, പ്രിവന്റീവ് ഓഫീസർ മനോജ് മാത്യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.എസ്. വിഷ്ണു രാജ്, വി.ടി സിജു, വിശ്വനാഥൻ, ജലീൽ, അനൂപ് തോമസ്, ടി.കെ വിനോദ്, സുനിൽ കുമാർ, വനിതാ സി.പി.ഒ കെ.എം സുരഭി എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.