രാജാക്കാട്: മതികെട്ടാൻചോലയിൽ വന്യമൃഗവേട്ട നടത്തിയ സംഘത്തിലെ ഒരാൾ വനപാലകരുടെ പിടിയിലായി. രണ്ടുപേർ ഓടി രക്ഷപെട്ടു. ശ്രീനാരായണപുരം വെട്ടുകല്ലുമ്മാക്കൽ നിഷാന്ത് (37) നെയാണ് ദേവികുളം റേഞ്ച് ഓഫീസർ നെബു കിരൺ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കുരുവിളസിറ്റി സ്വദേശികളായ ജോർജ്, ബിജു എന്നിവരാണ് ഓടി രക്ഷപെട്ടത്. കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെ വനപാലകർ മതികെട്ടാൻചോല വനത്തിൽ പട്രോളിംഗ് നടത്തുമ്പോഴാണ് നിഷാന്ത് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും ടോർച്ചും, തിരകളും, മൃഗങ്ങളെ കെണിവച്ചു പിടിക്കുന്നതിനുള്ള കേബിൾ കുരുക്കും കണ്ടെടുത്തു. ഈ സമയം ഒപ്പമുണ്ടായിരുന്ന ജോർജും ബിജുവും ഓടിരക്ഷപെടുകയായിരുന്നു. ഇവരുടെ കൈവശം ലൈസൻസ് ഇല്ലാത്ത നാടൻതോക്ക് ഉള്ളതായും വനപാലകർ പറഞ്ഞു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഓടി രക്ഷപെട്ടവർക്കായുള്ള അന്വേഷണം തുടരുകയാണ്.