പീരുമേട് : ഭൂപരിഷ്കരണ നിയമം ലംഘിച്ച് കട്ടപ്പന - കുട്ടിക്കാനം സംസ്ഥാന പാതയോരത്ത് ജനവാസമേഖലയിൽ സ്ഥാപിച്ച ഹോട്ട്ടാർ മിക്സിംഗ് പ്ലാന്റിന്റെ പ്രവർത്തനം താൽക്കാലികമായി നിറുത്തി വെയ്ക്കാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസ് അന്തിമമായി തീർപ്പാക്കുന്നതുവരെ പ്ലാന്റിന്റെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളും നിരവധി വീടുകളും ഉള്ളസ്ഥലത്ത് പ്ലാന്റ്ര സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ സമര രംഗത്തായിരുന്നു. അതിനിടെയാണ് പ്ലാന്റിന്റെ പ്രവർത്തനം നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി അംഗങ്ങളായ ജോയ് മാത്യു, മനോജ് രാജൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. റവന്യുസെക്രട്ടറി, കളക്ടർ, പീരുമേട് തഹസിൽദാർ, മലിനീകരണ നിയന്ത്രണ ബോർഡ്, പീരുമേട് ഗ്രാമപഞ്ചായത്ത്, രാജി മാത്യു ആന്റ് കമ്പനി എന്നിവരാണ് കേസിലെ എതിർകക്ഷികൾ. കേസിൽ പ്രാഥമീകവാദം കേട്ട കോടതി എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും നിദേശിച്ചിട്ടുണ്ട്. പ്ളാന്റ് സ്ഥാപിക്കുന്നതിന് കേരള ഭൂപരിഷ്കരണ നിയമം ലംഘിച്ചതായും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
അതിനിടെ ജനകീയസമരം ശക്തമായതിനെത്തുടർന്ന് കഴിഞ്ഞദിവസം ഇ.എസ്.ബിജിമോൾ എം.എൽ.എ.യുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ചർച്ചയും പരാജയപ്പെട്ടിരുന്നു.
ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ചു
കേരള ഭൂപരിഷ്കരണ നിയമം സെക്ഷൻ 81 പ്രകാരം ഇളവ് അനുവധിക്കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനും പോക്ക് വരവ് ചെയ്ത് നല്കുന്നതിനും കോടതി ഉത്തരവുകൾക്ക് വിധേയമായി മറ്റ് സർട്ടിഫിക്കറ്റുകൾ നല്കുന്നതിനും തടസമില്ല. എന്നാൽ മുറിച്ചുവിറ്റ ഭൂമി തരംമാറ്റിയില്ല എന്ന് ഉറപ്പ് വരുത്തിയതിനു ശേഷമേ പോക്കുവരവ് നടത്താവു. ഇതിനു പുറമെ ഭൂമി പിന്നീട് തരം മാറ്റപ്പെടുന്നുണ്ടോ എന്ന് സമയബന്ധിതമായി പിരിശോധിക്കേണ്ടതുമുണ്ട്. തോട്ടംഭൂമി മുറിച്ച് കൈമാറ്റം ചെയ്യുന്ന കേസുകളിൽ പോക്കുവരവ് നടപടി സ്വീകരിക്കുന്ന സമയത്ത് തണ്ടപ്പേര് ബി.റ്റി.ആർ റജിസ്റ്ററിൽ ഭൂമിയുടെ ഇനം കോളത്തിൽ കെ.എൽ.ആർ ആക്ട് പ്രകാരം 'ഇളവ് അനുവദിച്ച ഭൂമി തരം മാറ്റാൻ പാടില്ല' എന്ന് രേഖപ്പെടുത്തുകയും കരമടച്ച് രസീതിന്റെ റിമാർക്ക്സ് കോളത്തിലും ''കെ.എൽ. ആർ ആക്ട് പ്രകാരം ഇളവ് ലഭിച്ച തോട്ടംഭൂമിയെന്ന്' വില്ലേജ് ഓഫീസർ രേഖപ്പെടുത്തി നല്കണം. ഇത്തരത്തിലുള്ള ഭൂമികളിൽ നടക്കുന്ന നിർമ്മാണങ്ങൾ തടയണമെന്നും എൻ.ഒ.സി നൽകരുതെന്നും താലുക്ക് തലത്തിൽ സ്ഥിരം മോണിട്ടറിംഗ് സമിതി രൂപീകരിക്കണമെന്നും താലുക്ക് വികസനസമിതി തഹസിൽദാർക്ക് രേഖാമൂലം നിദ്ദേശം നൽകിയിരുന്നു. ഇതിന്റെയെല്ലാം ലംഘനമാണ് ടാർ മിക്സിംഗ് പ്ളാന്റിന്റെ കാര്യത്തിൽ ഉണ്ടായത്. ജില്ലയിലെ ചില ജനപ്രതിനിധികളുടെ നേരിട്ടുള്ള ഇടപെടലും സ്വാധീനവും പ്ലാന്റ് സ്ഥാപിക്കുന്നതിന് പിന്നിലുണ്ടെന്ന ആക്ഷേപവും ശക്തമാണ്.