കുമളി: വിനോദ സഞ്ചാരമേഖലയായ കുമളിയിൽ വാഹനത്തിലെത്തുന്നവരെ ഹോട്ടലുകളിലേക്ക് വിളിച്ചു കയറ്റുന്നതിനെ ചൊല്ലിയുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. കുമളി- മൂന്നാർ റോഡിൽ കുമളി- ഗവ. സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ഗോഡ്സി ഹോട്ടലുടമ ലിജുവിനെയാണ് (41) കമ്പിവടിക്ക് അടിച്ച് പരിക്കേൽപിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. കടയടച്ച് ബെെക്കിൽ വീട്ടിലേക്ക് പോകുന്ന വഴി ബെെക്കിൽ പിന്തുടർന്നെത്തിയവർ കമ്പി ഉപയോഗിച്ച് അടിച്ചിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഭാര്യ റ്റിറ്റിക്കും (40) പരിക്കേറ്റു. ബെെക്കിൽ നിന്ന് വീണ റ്റിറ്റിയെ റോഡിലൂടെ വലിച്ചിഴച്ചതിനെ തുടർന്ന് കെെകാലുകൾക്ക് പരിക്കേറ്റു. ലിജുവിന്റെ തലയ്ക്കാണ് പരിക്ക്. ഇരുവരും കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോഡിലൂടെ പോകുന്ന വാഹനം കാൻവാസ് ചെയ്ത് ഹോട്ടലുകളിലേക്ക് കയറ്റുന്നതിന് പ്രത്യേകം ജീവനക്കാരെ ഇരു കൂട്ടരും നിയോഗിച്ചിട്ടുണ്ട്. റോഡരികിൽ നിൽക്കുന്ന ഇവർ മുന്നാർ റോഡിൽ കൂടി വരുന്ന വാഹനങ്ങൾക്ക് നേരെ ഹോട്ടൽ എന്ന് എഴുതിയ ബോർഡുകൾ നീട്ടി കാൻവാസ് ചെയ്യുന്നതാണ് പതിവ്. മുഖാമുഖം പ്രവർത്തിക്കുന്ന ഹോട്ടലുകളായതിനാൽ വാഹനത്തിൽ എത്തുന്നവർക്ക് ഏത് ഹോട്ടലിൽ കയറണമെന്ന ആശയകുഴപ്പം ഉണ്ടാകാറുണ്ട്. ഇതിനെ തുടർന്ന് ആളുകളെ വിളിച്ച് കയറ്റുന്നത് സംബന്ധിച്ച തർക്കം പതിവാണ്. ഇതിന് മുമ്പും ജീവനക്കാർ തമ്മിൽ അടിപിടി ഉണ്ടായിട്ടുണ്ട്.

വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചു

ഹോട്ടലുടമ ലിജുവിനെ കമ്പി ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കുമളി വ്യാപാരി വ്യാവസായി ഏകോപന സമിതി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നാലുമണി മുതൽ ഒരുമണിക്കൂർ കടകളച്ചിട്ടു. കുളത്തുപാലത്ത് നിന്ന് ആരംഭിച്ച പ്രകടനം കുമളി ചെക്പോസ്റ്റിന് സമീപം സമാപിച്ചു. തുടർന്ന് ധർണ നടത്തി. സമാധാന അന്തിരീക്ഷത്തിൽ വ്യാപരം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

സ്ഥിരം അടിപിടി

കുമളി- മൂന്നാർ റോഡിൽ കുമളി ഗവ. സ്കൂളിന് സമീപം നേർക്ക് നേർപ്രവർത്തിക്കുന്ന ഗോഡ്സി, പെപ്പർഗെയ്റ്റ് എന്നീ ഹോട്ടലുകൾ തമ്മിൽ സ്ഥിരം അടിപിടിയുണ്ടാക്കാറുള്ളതായി നാട്ടുകാർ പറയുന്നു. ഹോട്ടലിലേക്ക് ആളുകളെ വിളിച്ച് കയറ്റുന്നത് സംബന്ധിച്ച് ഉണ്ടാകുന്ന പ്രശ്നം മിക്കപ്പോഴും സംഘട്ടനത്തിലാണ് കലാശിക്കുന്നത്. പെപ്പർഗെയ്റ്റ് ഹോട്ടലിലെ ജീവനക്കാർ ഇതിന് മുമ്പും ഗോഡ്സിലെത്തി ജീവനക്കാരെ മർദ്ദിച്ചതായി പറയുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി കുമളി പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയിരുന്നെങ്കിലും ഫലം ഉണ്ടായില്ല.

പൊരിവെയിലത്ത് നിൽക്കുന്നവർ ഇവർ

ഹോട്ടലുകളിൽ ആളുകളെ വിളിച്ച് കയറ്റാനായി ഹോട്ടൽ എന്നെഴുതിയ ബോർഡുമായി പൊരിവെയിലത്ത് നിൽക്കുന്നവരിലേറെയും പ്രായമായവരും അന്യസംസ്ഥാനതൊഴിലാളികളുമാണ്. അടിപിടിയിൽ കലാശിച്ച ഹോട്ടൽ ഉൾപ്പടെ കുമളിയിലെ മിക്ക ഹോട്ടലുകളുടെയും മുമ്പിൽ ഇത്തരത്തിൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. രാവിലെ ഹോട്ടൽ തുറക്കുന്ന സമയം മുതൽ വെെകിട്ട് വരെ ഒരേ നിൽപ്പ് നിൽക്കണം.