മുട്ടം: വേനൽ കടുത്തതോടെ മുട്ടം പഞ്ചായത്തിലെ ജനങ്ങൾ കുടിവെള്ളത്തിനായി അലയുന്നു. അറയാനി, പി.സി.ടി മേഖലയിൽ നൂറോളം കുടുംബങ്ങളാണ് ആവശ്യത്തിന് ദാഹജലം കിട്ടാതെ കഷ്ടപ്പെടുന്നത്. എല്ലാ വർഷവും വേനൽക്കാലമായാൽ ഇവിടെയുള്ള ജനങ്ങൾ കുടിവെള്ള ക്ഷാമം നേരിടാറുണ്ട്. മുട്ടം പഞ്ചായത്തിലെ ഉയരം കൂടിയ പ്രദേശമായ ഇവിടെ എല്ലാ വർഷവും കടുത്ത വേനലിൽ അതി രൂക്ഷമായ വരൾച്ചയാണ് അനുഭവപ്പെടുന്നത്. എന്നാൽ ഒറ്റതെങ്ങ് ഭാഗത്ത് നിന്ന് വരുന്ന വാട്ടർ അതോറിട്ടിയുടെ പൈപ്പ്‌ലൈൻ വഴി കുടിവെള്ളം മുടങ്ങാതെ കിട്ടിക്കൊണ്ടിരുന്നതാണ്. ഈ ഭാഗത്ത് അഞ്ച് വീടുകളുടെ നിർമ്മാണത്തിന് വേണ്ടി വാട്ടർ അതോറിട്ടി പുതിയ കണക്ഷൻ നൽകിയതിനെ തുടർന്നാണ് പൈപ്പിലൂടെ കുടിവെള്ളം ലഭിക്കാത്തതെന്ന് പ്രദേശവാസികൾ പറയുന്നു. മാസം 250 രൂപ അടച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വാട്ടർ അതോറിട്ടിയിൽ നിന്ന് പുതിയ കണക്ഷൻ നൽകുന്ന പദ്ധതി പ്രകാരമാണിത്. വാർഡ് മെമ്പറോ പഞ്ചായത്ത് അധികാരികളോ അറിയാതെ വാട്ടർ അതോറിട്ടി നേരിട്ടാണ് പുതിയ കണക്ഷൻ അനധികൃതമായി നൽകിയതെന്ന് പ്രദേശ വാസികൾ ആരോപിക്കുന്നു. എസ്.എസ്.എൽ.സിയടക്കമുള്ള പരീക്ഷകൾ നടക്കുന്ന സമയത്ത് കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് വിദ്യാർത്ഥികളടക്കം തലച്ചുമടായി വെള്ളം കൊണ്ടുവരുന്നത്. അധികാരികൾ പ്രശ്നത്തിൽ ഇടപെടണമെന്നും നിർമ്മാണ പ്രവർത്തനങ്ങൾക്കായി കടുത്ത വരൾച്ചാ സമയത്ത് നൽകിയിരിക്കുന്ന വാട്ടർ കണക്ഷൻ റദ്ദുചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കുടിവെള്ളം കിട്ടിയില്ലെങ്കിൽ അറയാനിപ്പാറ, പി.സി.ടി പ്രദേശങ്ങളിലെ ജനങ്ങളെ സംഘടിപ്പിച്ച് പഞ്ചായത്ത്, വാട്ടർ അതോറിട്ടി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്താനും പ്രദേശവാസികളുടെ യോഗം തീരുമാനിച്ചു.