അടിമാലി: കല്ലാറുകുട്ടി അണക്കെട്ടിൽ ഇനി മുതൽ നീന്തൽ പരിശീലിക്കാം. ഹൈഡൽ ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഫ്ളോട്ടില നീന്തൽ സഹായി കല്ലാറുകുട്ടിയിൽ എത്തിച്ചു. കല്ലാറുകുട്ടി അണക്കെട്ടിൽ ബോട്ടിംഗ് ആരംഭിച്ചതിനു പിന്നാലെയാണ് ജലാശയത്തിൽ നീന്തൽ പരിശീലനം ആരംഭിച്ചത്. കുറഞ്ഞ ഭാരവും വേഗത്തിൽ ധരിക്കാവുന്നതുമായ ഫ്ളോട്ടില നീന്തൽ സഹായി ഉപയോഗിച്ചാണ് പരിശീലനം നൽകുന്നത്. അണക്കെട്ടിൽ വിനോദ സഞ്ചാരത്തിനെത്തുന്ന ആർക്കും നീന്തൽ സഹായി ഉപയോഗിച്ച് ജലാശയത്തിൽ ഉല്ലസിക്കാമെന്ന് സംഘാടകർ പറഞ്ഞു. അഞ്ച് വയസു മുതൽ പ്രായമുള്ള ആർക്കും അണക്കെട്ടിൽ നീന്തൽ പരിശീലിക്കാം. ഇതിനായി ഫ്ളോട്ടില നീന്തൽ സഹായിക്കൊപ്പം പരിശീലകന്റെ സേവനവും ലഭ്യമാകും. 100 രൂപയാണ് ഫീസ്. ഒരു മണിക്കൂറാണ് പരിശീലന സമയം. പരിശീലനം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തന്ന പദ്ധതിക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ നീന്തൽ പരിശീലിക്കാനും ജലാശയത്തിൽ ഉല്ലസിക്കാനും കൂടുതൽ ആളുകൾ എത്തുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.