അടിമാലി: വാഴകൃഷിയുടെ മറവിൽ പുരയിടത്തിൽ നട്ടുവളർത്തിയിരുന്നതടക്കം 14 കഞ്ചാവ് ചെടികൾ അടിമാലി നർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് വിഭാഗം കണ്ടെത്തി നശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ നർക്കോട്ടിക് സംഘം അറസ്റ്റ് ചെയ്തു. കുരങ്ങാട്ടി നൂറാംകര ട്രൈബൽ സെറ്റിൽമെന്റിലെ ലവകുമാറാണ് പിടിയിലായത്. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തലമാലി ട്രൈബൽ സെറ്റിൽമെന്റിലെ രാജു അഴകന്റെ പറമ്പിൽ ചാക്കിനുള്ളിൽ വളമിട്ട് പരിപാലിച്ചിരുന്ന മൂന്ന് ചെടികൾ നർക്കോട്ടിക് സംഘം കണ്ടെത്തി. ബുധനാഴ്ച വൈകിട്ടും വ്യാഴാഴ്ച രാവിലെയുമായിട്ടായിരുന്നു രണ്ടിടങ്ങളിൽ നിന്നായി കഞ്ചാവ് ചെടികൾ നർക്കോട്ടിക് സംഘം കണ്ടെത്തി നശിപ്പിച്ചത്. ലവകുമാർ വാഴത്തോട്ടത്തിൽ കഞ്ചാവ് കൃഷി നടത്തിയിട്ടുള്ളതായി നർക്കോട്ടിക് ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഘം ബുധനാഴ്ച വൈകിട്ട് തോട്ടത്തിലെത്തുകയും ലവകുമാറിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒളിവിൽ പോയ രാജുവിനായി നർക്കോട്ടിക് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. പരീക്ഷണ അടിസ്ഥാനത്തിൽ വാഴത്തോട്ടത്തിൽ കഞ്ചാവ് കൃഷിയിറക്കി നോക്കിയതായാണ് പിടിയിലായ ലവകുമാർ നൽകിയ മൊഴി. കണ്ടെത്തിയ കഞ്ചാവ് ചെടികൾ പ്രതികൾ പൂർണ വളർച്ചയിലെത്തിച്ചിരുന്നെങ്കിൽ 15 കിലോ തൂക്കം ലഭിക്കുമായിരുന്നെന്നും വിപണിയിൽ അഞ്ച് ലക്ഷം രൂപയോളം കിട്ടുമായിരുന്നെന്നും നർക്കോട്ടിക് ഉദ്യോഗസ്ഥർ പറഞ്ഞു.