അടിമാലി: അടിമാലിയിൽ അനുവദിച്ച അമ്മയും കുഞ്ഞും ആശുപത്രിയുടെ കെട്ടിട നിർമ്മാണം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കെട്ടിട നിർമ്മാണം അനിശ്ചിതത്വത്തിലായതിനെ തുടർന്ന് നാട്ടുകാർ സംരക്ഷണ സമിതിയുണ്ടാക്കി സമരത്തിനൊരുങ്ങുകയാണ്. 2012ലായിരുന്നു അടിമാലിയിൽ അമ്മയും കുഞ്ഞും ആശുപത്രി അനുവദിച്ചത്. തുടർന്ന് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയോരത്ത് മച്ചിപ്ലാവിൽ പഞ്ചായത്ത് നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഒന്നരയേക്കർ സ്ഥലവും വിട്ട് നൽകി. എന്നാൽ വർഷം ഏഴ് കഴിഞ്ഞിട്ടും ആശുപത്രിയ്ക്ക് വേണ്ടുന്ന യാതൊരു നിർമ്മാണ ജോലികളും ആരംഭിക്കാത്ത സാഹചര്യത്തിലാണ് പ്രദേശവാസികൾ ചേർന്ന് സംരക്ഷണ സമിതിക്ക് രൂപം നൽകി സമരപരിപാടികളുമായി മുമ്പോട്ട് പോകാനൊരുങ്ങുന്നത്. ആശുപത്രി അടിമാലിയിൽ നിന്ന് മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇപ്പോഴുണ്ടായിട്ടുള്ള അനിശ്ചിതത്വമെന്നും കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്നുമാണ് സംരക്ഷണ സമതി പ്രവർത്തകരുടെ ആവശ്യം. അമ്മയും കുഞ്ഞും ആശുപത്രിയുടെ നിർമ്മാണം സംബന്ധിച്ച് ഏതാനും നാളുകളായി ചില ആരോപണങ്ങൾ അടിമാലി മേഖലയിൽ നിലനിൽക്കുന്നുണ്ട്. ആശുപത്രി മൂന്നാറിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നെന്നാണ് ഇതിൽ ആദ്യത്തേത്. സാങ്കേതിക അനുമതി ലഭിച്ചില്ലെന്ന പേരിൽ നിർമ്മാണം മനപൂർവ്വം വൈകിപ്പിക്കുകയാണെന്നും ആക്ഷേപം ഉയരുന്നു. അടിമാലി താലൂക്കാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി അടിമാലിയിൽ എത്തുമ്പോൾ അമ്മയും കുഞ്ഞും ആശുപത്രിയുടെ തറക്കല്ലിടൽ നടത്തുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നടന്നില്ല. ഇത്തരം സാഹചര്യങ്ങൾ കണക്കിലെടുത്താണ് ആശുപത്രി മച്ചിപ്ലാവിൽ തന്നെ പണികഴിപ്പിക്കണം എന്നാവശ്യപ്പെട്ട് ആശുപത്രി സംരക്ഷണ സമിതി രംഗത്തെത്തിയിട്ടുള്ളത്. സംരക്ഷണ സമിതി രൂപീകരിച്ചതായി അറിയിച്ച് അടിമാലിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ നേതാക്കളായ എം.പി. വർഗീസ്, പി.സി. ബേബി, ജോസ് കോട്ടക്കൽ, ഐസക്ക് എന്നിവർ പങ്കെടുത്തു.