രാജാക്കാട്: നൂറ്റാണ്ട് മുമ്പ് തങ്ങളുടെ പൂർവ്വികർ തുടങ്ങിവച്ച ആചാരം തെറ്റിക്കാതെ ഇത്തവണയും അവർ ശ്രീനാരായണപുരത്ത് മുതിരപ്പുഴയുടെ മടിത്തട്ടിൽ മലദേവനും ദേവിയും കുടികൊള്ളുന്നുവെന്ന സങ്കൽപ്പം പേറുന്ന പാറക്കെട്ടിലും വേരുകളില്ലാത്ത അദ്ഭുതച്ചെമ്പകത്തിന്റെ ചുവട്ടിലും എത്തി മന്ത്രങ്ങളുരുവിട്ട് പൂജയും അർച്ചനയും നടത്തി പൊങ്കാല സമർപ്പിച്ച് രണ്ട് രാത്രിയും ഒരു പകലും ചെലവിട്ട് ചാരിതാർത്ഥ്യത്തോടെ മടങ്ങി. ആനച്ചാൽ ഗോത്രവർഗ കുടിയിലെ മന്നാൻ സമുദായത്തിൽപ്പെട്ട ഏതാനും കുടുംബങ്ങളാണ് ദശകങ്ങൾക്ക് മുമ്പ് പൂർവ്വ പിതാക്കന്മാരുടെ കുടി ആയിരുന്ന ശ്രീനാരായണപുരത്ത് ആണ്ടുതോറുമുള്ള ഉത്സവം നടത്താനെത്തിയത് .കാണിമൂപ്പൻ രാജു, 90 തികയുന്ന തലമൂത്ത അംഗം മുത്തമ്മ, പൂജാരി കണ്ണൻ എന്നിവരുടെ നേതൃത്വത്തിൽ ഏഴ് ദിവസത്തെ വൃതമെടുത്ത് എത്തിയ ഇവർ അവിൽ, മലർ, ശർക്കര, തേങ്ങ തുടങ്ങിയവ ദൈവങ്ങൾക്ക് അർപ്പിച്ച് നാടിന്റെ നന്മയ്ക്കും നാട്ടുകാരുടെ ഉന്നമനത്തിനുമായി ഉള്ളുരുകി പ്രാർത്ഥിച്ചു. പിന്നീട് പൊങ്കൽ ഉണ്ടാക്കി സമർപ്പിച്ച ശേഷം ചടങ്ങുകൾ കാണാനെത്തിയ വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് പ്രസാദം നൽകി. രാത്രിയിൽ താളമേളങ്ങളോടെ തനത് കലാരൂപമായ മാന്നാൻ കൂത്തും പാട്ടും അവതരിപ്പിച്ചു. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രമുഖ സ്ഥാനമുള്ള ശ്രീനാരായണപുരം റിപ്പിൽ ഫാൾസും പരിസരവും അരനൂറ്റാണ്ട് മുമ്പ് വരെ ആദിവാസികളുടെ ആവാസ കേന്ദ്രമായിരുന്നു. എഴുപതോളം വർഷം മുമ്പ് ആദ്യത്തെ കുടിയേറ്റ സംഘം എത്തുമ്പോൾ 18 മന്നാൻ കുടുംബങ്ങൾ പ്രധാന വെള്ളച്ചാട്ടത്തിനു താഴ്ഭാഗത്തും ചുറ്റുവട്ടത്തുമായി താമസിച്ചിരുന്നതായി പഴമക്കാർ പറയുന്നു. ജലപാതത്തിന്റെ ഇടത്തെ കരയിൽ പാറപ്പുറത്ത് വേരോ ചുവടോ ഇല്ലാതെ ചരിഞ്ഞു കിടക്കുന്ന ചെമ്പകമരവും ചുവട്ടിലെ വലിയ കല്ലും മലദേവിയും ദേവനുമായാണ് ഇവർ സങ്കൽപ്പിച്ചിരുന്നത്. ശിവന്റെയും പാർവതിയുടെയും പ്രതിരൂപമായും ഈ മൂർത്തികളെ കണക്കാക്കുന്നു. അക്കാലത്തും എല്ലാ വർഷവും മകരം കുംഭം മാസങ്ങളിൽ ദേവപ്രീതിയ്ക്കായി ഒരു ദിവസത്തെ ഉത്സവം നടത്തിയിരുന്നു. പൂജകൾക്കും പൊങ്കാലയ്ക്കും പുറമെ രാത്രി പുലരുവോളം കൂത്തും പാട്ടും നടത്തിയിരുന്നതായും ഇവരോർക്കുന്നു. ചുറ്റുവട്ടത്ത് നാട്ടുകാർ താമസമുറപ്പിക്കുകയും തനതായ ജീവിത സാഹചര്യങ്ങൾ മാറുകയും ചെയ്തതോടെ ഇവർ ഒന്നൊന്നായി കുടി ഉപേക്ഷിച്ച് മറ്റിടങ്ങളിലേയ്ക്ക് മാറി. എങ്കിലും വർഷത്തിലൊരിയ്ക്കൽ പൂർവ്വികരുടെ സ്മരണയും പേറി ഇവിടെയെത്തി ഉൽസവമാഘോഷിച്ചും രാത്രി പാറപ്പുറത്ത് കിടന്നുറങ്ങിയും അടുത്ത വർഷവും വരുമെന്നുള്ള പ്രതിജ്ഞയെടുത്തും മടങ്ങും.