പീരുമേട്: ജനവാസകേന്ദ്രത്തിൽ തുടങ്ങുന്ന ഹോട്ട് ടാർ മിക്സിംഗ് പ്ലാന്റ് സർക്കാർ അനുമതിയോടെയാണ് സ്ഥാപിച്ചതെന്ന് പ്ലാന്റ് ഉടമകളായ രാജി മാത്യൂ ആന്റ് കമ്പനി. സംസ്ഥാന സർക്കാരിന്റെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയോടെ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്ലാന്റ് പ്രവർത്തിക്കുന്നതെന്നാണ് കമ്പനിയുടെ വാദം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഇത്തരത്തിലുള്ള പ്ലാന്റിന് 50 മീറ്റർ ദൂരപരിധിയാണ് നിഷ്‌കർഷിച്ചിരിക്കുന്നത്. കമ്പനി 250 മീറ്ററിൽ അധികം ദൂരപരിധി പാലിച്ചാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഇവർ പറയുന്നു. തോട്ടം ഭൂമിയായതിനാൽ ദേശീയപാത ചീഫ് എൻജിനീയർ മുഖാന്തിരം സർക്കാരിലേക്ക് അപേക്ഷ നൽകിയിരുന്നു. പീരുമേട് പഞ്ചായത്തിന്റെ എൻ.ഒ.സിയും കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അധികൃതർ വിശദീകരിച്ചു. ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷൻ 81 ലംഘിച്ചതിനാലാണ് കോടതി സ്റ്റേ നൽകിയത്. സമര സമിതി അംഗങ്ങളുമായി അനുരഞ്ജന ചർച്ചകൾ നടത്തും. പരിഹാരമായില്ലെങ്കിൽ കേസ് നിയമപരമായി തന്നെ നേരിടാനാണ് കമ്പനിയുടെ തീരുമാനം.
ജനകീയ സമരം തുടരുന്നു
കട്ടപ്പന- കുട്ടിക്കാനം റോഡിൽ ആഷ്‌ലിയിൽ സ്ഥാപിച്ച ഹോട്ട് ടാർ മിക്സിംഗ് പ്ലാന്റിനെതിരെ ജനകീയ സമരം നടക്കുകയാണ്. തേയില തോട്ടം തരം മാറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളുമുള്ള സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ സമര സമിതി രൂപീകരിച്ചാണ് പ്രതിഷേധം നടത്തുന്നത്. നടപടി ആവശ്യപ്പെട്ട് സമര സമിതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച അനുരഞ്ജന ചർച്ച നടന്നിരുന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഉന്നതസമിതിക്ക് രൂപം നൽകാനും റിപ്പോർട്ട് രൂപപ്പെടുത്തിയ ശേഷം ബാക്കി നടപടികളിലേക്ക് കടക്കാമെന്നും യോഗം തീരുമാനിച്ചു. 15ന് കളക്ടറുടെ കാര്യാലയത്തിൽ ചർച്ച തുടരാൻ തീരുമാനിച്ചിരുന്നെങ്കിലും കോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതോടെ ചർച്ച മാറ്റി വെച്ചതായാണ് ദേശീയപാത വിഭാഗം അധികൃതർ പറയുന്നത്.