മറയൂർ: സംസ്ഥാനത്തെ മികച്ച സാമൂഹികാരോഗ്യകേന്ദ്രത്തിനുള്ള കായകല്പ അവാർഡ് കിട്ടിയ മറയൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഇതുവരെ കിടത്തി ചികിത്സ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ആവശ്യത്തിന് ഡോക്ടർമാരോ, ജീവനക്കാരോ ഇല്ലാത്തതാണ് പ്രശ്നം. മറയൂർ, കാന്തല്ലൂർ, തലയാർ മേഖലകളിലെ അര ലക്ഷത്തോളം പേരുടെ ആശ്രയമാണ് മറയൂർ സാമൂഹികാരോഗ്യകേന്ദ്രം. പേര് സാമൂഹികാരോഗ്യ കേന്ദ്രമാണെങ്കിലും പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ലഭിക്കുന്ന സേവനങ്ങളാണ് ലഭിച്ചു വരുന്നത്. കിടത്തി ചികിത്സ ആവശ്യമായി വന്നാൽ സ്വകാര്യ ആശുപത്രികളെയും തമിഴ്നാട്ടിലെ ആശുപത്രികളെയും ആശ്രയിക്കേണ്ട ഗതികേടിലാണ് ജനം. പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം സൗകര്യങ്ങളോടുകൂടിയുള്ള വാർഡുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. എന്നാൽ അനുവദിക്കപ്പെട്ട ജീവനക്കാരെ പോലും നിയമിക്കാത്തതിനാൽ ഒ.പി മാത്രമായി ആശുപത്രിയുടെ സേവനം ഒതുക്കേണ്ടി വരുന്നു. രാത്രി സമയങ്ങളിൽ ഗുരുതരാവസ്ഥയിലെത്തിക്കുന്ന രോഗികളെ പരിചരിക്കുന്നത് ജീവനക്കാരുടെ സഹായ മനഃസ്ഥിതി കൊണ്ടു മാത്രമാണ്. അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്. നിലവിൽ അനുവദിക്കപ്പെട്ട ജീവനക്കാരിൽ പലരെയും ഇവിടെ നിയമിച്ചിട്ടില്ല. പല സ്ഥാനങ്ങളും ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് കിടത്തി ചികിത്സ ആരംഭിച്ചും വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കിയും ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ആവശ്യത്തിന് ഡോക്ടറില്ല
മൂന്നു ഡോക്ടർമാരെ പി.എസ്.സിയിൽ നിന്നും ഒരു ഡോക്ടറെ എൻ.ആർ.എച്ച്.എമ്മിൽ നിന്നും ഇവിടെ നിയമിച്ചിരുന്നു. പി.എസ്.സിയിൽ നിന്നുള്ള രണ്ടു പേർ ഇപ്പോൾ സ്ഥലമാറി പോയി. ശിശുരോഗ വിദഗ്ദ്ധനോ ഗൈനക്കോളജി വിഭാഗം ഡോക്ടറോ ഇവിടെ ഇതുവരെ നിയമിതരായിട്ടില്ല.