മറയൂർ: മറയൂർ ടൗണിന് സമീപത്തുള്ള ആദിവാസി കോളനിയിലെ പൊതു ശൗചാലയം പൊട്ടി ഒലിക്കുന്നു. മറയൂർ ടൗണിലൂടെ കടന്നു പോകുന്ന കുമ്മിട്ടാംകുഴി ഓടയിലേക്കാണ് മാലിന്യങ്ങൾ ഒഴുകി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസങ്ങളായി ഇത്തരത്തിൽ മാലിന്യം ഒഴുകിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും ഇതുവരെ നടപടിയുമുണ്ടായില്ല. ഇരുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് മാലിന്യങ്ങൾ ഇത്തരത്തിൽ കെട്ടി കിടക്കുന്നത് പകർച്ച വ്യാധികൾ പടരുന്നതിന് കാരണമാകും. അടിയന്തരമായി ഇതിന് പരിഹാരം കാണമെന്ന് പ്രദേശവാസികൾ പറഞ്ഞു.