തൊടുപുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് കിടപ്പിലായ ഇടവെട്ടി സ്വദേശി നിസാറിന്റെ ചികിത്സാ ധന സമാഹരണാർത്ഥം വെള്ളംചിറ ഉദയ സെവൻസും ഇടുക്കി വടംവലി കുടുംബവും സംയുക്തമായി നടത്തുന്ന അഖിലകേരള വടംവലി മത്സരം ഇന്ന് വൈകിട്ട് ഏഴിന് വെള്ളംചിറയിൽ നടക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 12,000, 10000, 8000 രൂപ ക്രമത്തിൽ കാഷ് അവാർഡ് നൽകും. കൂടാതെ നാല് മുതൽ പതിനാറാം സ്ഥാനം വരെയുള്ളവർക്ക് 6000 മുതൽ 2000 രൂപവരെയുള്ള കാഷ് അവാർഡും നൽകും. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ആന്റണി വടംവലി മത്സരം ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ അൻഷാദ് കുറ്റിയാനി അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് മാഞ്ചേരി മുഖ്യപ്രഭാഷണം നടത്തും.
സ്വാന്തനം ചാരിറ്റബിൾസൊസൈറ്റിയുടെ ഒന്നാമത് വാർഷികം
തൊടുപുഴ: സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാമത് വാർഷികം ഇന്ന് തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ഉദ്ഘാടനം ചെയ്യും. സൊസൈറ്റി രക്ഷാധികാരി ഡോ. ജോസ് ചാഴിക്കാട്ട് മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പൽ ചെയർപേഴ്സൺ ജെസി ആന്റണി, ഡി.വൈ.എസ്.പി കെ.പി. ജോസ്, റോയി കെ. പൗലോസ്, മുഹമ്മദ് ഫൈസൽ, കെ. സലിംകുമാർ, പ്രൊഫ. എം.ജെ. ജേക്കബ്, സി.എം. അൻസാർ, ബിനു ജെ. കൈമൾ, കെ.കെ. നാവൂർകനി, വി.സി. വിഷ്ണുകുമാർ, എം.എൻ. സുരേഷ്, ഷിയാസ് ഇ.എസ്, ജോബി കെ.എം, ഷമീർ കെ.എം എന്നിവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ സൊസൈറ്റി രക്ഷാധികാരി ഡോ.ജോസ് ചാഴികാട്ട്, പ്രസിഡന്റ് അൻസാരി എം.എം, ഷമീർ കെ.എം, നിസാർ പഴേരി എന്നിവർ പങ്കെടുത്തു.
അപേക്ഷ ക്ഷണിച്ചു
ഇടുക്കി: സി- ഡിറ്റ് സൈബർശ്രീ സെന്ററിൽ മാറ്റ്ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അംബേദ്കർ ഭവനിൽ ഏപ്രിലിൽ പരിശീലനം ആരംഭിക്കും. 20നും 26നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. നാലുമാസമാണ് പരിശീലനം. മാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നിവയിൽ എൻജിനിയറിംഗ് ബിരുദം/ എം.സി.എ പാസായവർ/ കോഴ്സ് പൂർത്തീകരിച്ചവർ, ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്) പാസായവർ എന്നിവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപ്പകർപ്പും പൂരിപ്പിച്ച അപേക്ഷയും 25ന് മുമ്പായി സൈബർശ്രീ സെന്റർ, അംബേദ്കർ ഭവൻ, മണ്ണന്തല പി.ഒ, തിരുവനന്തപുരം- 695015 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ 8281627887, 9947692219.
ക്ലബ് ആരംഭിക്കുന്നു
തൊടുപുഴ: പ്രിയദർശിനി ആർട്സ് ആന്റ് സ്പോർട് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് 31ന് രാവിലെ എട്ട് മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെ ഒളമറ്റം മാരിയിൽകലുങ്ക് മൗര്യാ ഗാർഡൻസിൽ മധുര അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്ന് വിതരണവും നടത്തുമെന്ന് ഭാരാവഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പിലെ പരിശോധനയിൽ ഓപ്പറേഷൻ നിർദ്ദേശിക്കുന്ന തിമിര രോഗകിൾക്ക് തേനി അരവിന്ദ് ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയയും നടത്തും. ഓപ്പറേഷന് വിധേയരാകുന്ന രോഗികൾക്ക് ആഹാരം, മരുന്ന്, താമസസൗകര്യം, യാത്രാ ചെലവ്, കണ്ണട എന്നിവ സൗജന്യമായിരിക്കും. ലോങ് സൈറ്റ്, ഷോർട്ട് സൈറ്റ്, കാഴ്ചക്കുറവ് എന്നീ പരിശോധനയിൽ കണ്ണട ആവശ്യമുള്ള ആളുകൾക്ക് 100 രൂപ മുതൽ 300 രൂപ വരെ മിതമായ നിരക്കിൽ ലഭ്യമാക്കും. നേത്രചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനം സ്പൈസസ് ബോർഡ് മുൻ വൈസ് ചെയർമാൻ റോയി കെ. പൗലോസ് നിർവ്വഹിക്കും. ക്ലബ്ബ് പ്രസിഡന്റ് സുരേഷ് രാജു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജീസ് ജോൺസൺ റിപ്പോർട്ട് അവതരിപ്പിക്കും. മുനിസിപ്പൽ കൗൺസിലർ സിസിലി ജോസ് മുഖ്യ പ്രഭാഷണം നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, കുമ്മംകല്ല് റേഷൻ ഷോപ്പ് 9388454560, പുള്ളംകുളം സ്റ്റോഴ്സ് ഇടവെട്ടി: 9446089421, ഇൻഡ്യൻ ബേക്കറി മുട്ടം : 255675, യുണൈറ്റഡ് ഹാർഡ് വെയേഴ്സ് അരിക്കുഴ: 281122, എന്നിവിടങ്ങളിലും തൊടുപുഴ മുനിസിപ്പൽ പരിധിയിലുള്ള എല്ലാ അംഗൻവാടികളിലും പേര് രജിസ്റ്റർ ചെയ്യണം.
അക്ഷയ ഊർജ്ജ സംരക്ഷണ ശിൽപശാല
തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പൊന്നന്താനം ഗ്രാമീണ വായനശാല ഹാളിൽ അക്ഷയ ഊർജ്ജ സംരക്ഷണ ശിൽപശാല നടത്തും. സംസ്ഥാന എനർജി മാനേജ്മെന്റ്, സി.ഇ.ഡി, അനെർട്ട് കേരള, തട്ടാരത്തട്ട സെന്റ് പീറ്റേഴ്സ് യു.പി സ്കൂൾ, കുടുംബശ്രീ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ ശില്പശാല ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു അദ്ധ്യക്ഷത വഹിക്കും. അനർട്ട് കേരള പ്രോഗ്രാം ഓഫീസർ ജോസഫ് ജോർജ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. ജോസ് പോൾ വട്ടക്കണ്ടം ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് നയിക്കും.
ഒ.എൻ.വി- കലാഭവൻ മണി അനുസ്മരണം
തൊടുപുഴ: ചിറ്റൂർ ജവഹർ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒ.എൻ.വി- കലാഭവൻ മണി അനുസ്മരണവും ഗാനസന്ധ്യയും നടത്തി. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സാ ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സുജാത രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദാസ് തൊടുപുഴ, ഫ്ലവേഴ്സ് ടി.വി ടോപ്പ് സിംഗർ ആവണി പി. ഹരീഷ് എന്നിവർ കലാപ്രതിഭകളെ ആദരിച്ചു. സുബി ജോസ്, ടി.കെ. ശശിധരൻ, എ. ജയൻ എന്നിവർ പ്രസംഗിച്ചു. ഗാനസന്ധ്യയും നടന്നു.