ഇടുക്കി: മുസ്ലിംലീഗ്- എസ്.ഡി.പി.ഐ രഹസ്യബന്ധം തെളിവുസഹിതം പിടിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സി.പി.എം തൊടുപുഴ ഏരിയാ കമ്മിറ്റി ഓഫീസിൽ എൽ.ഡി.എഫ് ഇടുക്കി പാർലമെന്റ് മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്തശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രൂപീകരണ കാലം മുതൽ എസ്.ഡി.പി.ഐക്ക് ലീഗിന്റെ സഹായമുണ്ട്.പരസ്യമായി കുറച്ച് അകലം പാലിച്ചപ്പോഴും അവർക്കിടയിലെ രഹസ്യബന്ധം എല്ലാവർക്കും അറിയാമായിരുന്നു.
അവർ ചർച്ചയൊന്നും നടത്തിയില്ലെന്നാണ് പറയുന്നത്. പിന്നെ എന്തിനാണ് ഹോട്ടൽ മുറിയിൽ ഒത്തുകൂടിയതെന്ന് അറിയില്ല. തിരഞ്ഞെടുപ്പിനുള്ള ധാരണയ്ക്ക് വേണ്ടിയാണെങ്കിൽ അതുതന്നെയാണ് ഇന്നത്തെ പ്രശ്നം. നാല് വോട്ടിനുവേണ്ടി വർഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് യു.ഡി.എഫിന്റേത്. അതിന്റെ ഭാഗമാണ് ടോം വടക്കനെ പോലുള്ളവർ ബി.ജെ.പിയിലേക്ക് പോകുന്നത്. അനുഭവങ്ങൾ കൊണ്ട് ഒരുപാഠവും പഠിക്കുന്നില്ലെന്നതാണ് യു.ഡി.എഫിന്റെ ഏറ്റവും പരിതാപകരമായ അവസ്ഥ.
കേരളകോൺഗ്രസിൽ ആർക്കും മനസിലാകാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഒരു പാർട്ടിയുടെ വർക്കിംഗ് ചെയർമാൻ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ പോകുന്നെന്നാണ് കേട്ടത്. അത് ശരിയാണെങ്കിൽ അങ്ങനെയൊരു സംഭവം കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഇത് യു.ഡി.എഫിന്റെ പാപ്പരത്തമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.