ഇടുക്കി: പഞ്ചായത്ത് അസി. സെക്രട്ടറിയുടെ ഭീഷണിയിൽ മനംനൊന്ത് താത്കാലിക ജീവനക്കാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പരാതി. ഇടമലക്കുടി പഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഡാറ്റ എൻട്രി ഓപ്പറേറ്ററും അക്കൗണ്ടന്റുമായ മൂന്നാർ സ്വദേശി ഗണേശ് രാജ്കുമാറാണ് (34) ബ്ലേഡ് കൊണ്ട് ഇരുകൈകളിലെയും ഞരമ്പ് മുറിച്ചത്. ഉടൻതന്നെ മറ്റ് ജീവനക്കാർ ചേർന്ന് ദേവികളും സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതിനാൽ ജീവൻ രക്ഷപ്പെട്ടു.

സംസ്ഥാനത്തെ ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടി രൂപീകരിച്ചത് മുതൽ ഗണേശ് ഇവിടെ താത്കാലിക ജീവനക്കാരനാണ്. കഴിഞ്ഞ ജനുവരിയിൽ സെക്രട്ടറി സസ്പെൻഷനിലായതിന് ശേഷം പകരം ചുമതലക്കാരനായ അസി. സെക്രട്ടറി തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി ഗണേശ് താലൂക്ക് ലീഗൽ സർവീസ് അതോറിട്ടിക്കും മേലുദ്യോഗസ്ഥർക്കും പരാതി നൽകിയിരുന്നു. അസി. സെക്രട്ടറിയുടെ സർവീസ് ബുക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് പീഡനം തുടർന്നതായി പരാതിയിൽ പറയുന്നു. എന്നാൽ തിരുവനന്തപുരത്ത് പഞ്ചായത്ത് ഡയറക്ടറേറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുവായ അസി. സെക്രട്ടറിക്കെതിരെ ഒരു അന്വേഷണവും നടന്നില്ലെന്നാണ് ആക്ഷേപം.

കഴിഞ്ഞദിവസം പഞ്ചായത്ത് ഓഫീസിൽ ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വാക്കുതർക്കം ഉണ്ടായി. ഈ സമയം അസി. സെക്രട്ടറി ബ്ലേഡ് കൊണ്ട് കൈവിരലിലെ നഖം വെട്ടുകയായിരുന്നു. പ്രകോപിതനായ ഗണേശ് ഇയാളുടെ കൈയിലിരുന്ന ബ്ലേഡ് തട്ടിയെടുത്ത് സ്വന്തം കൈ ഞരമ്പ് മുറിക്കുകയായിരുന്നു. 'എനിക്ക് കൂടിവന്നാൽ ഒരു സസ്‌പെൻഷനേ കിട്ടൂ, നിന്റെ ജോലി പോയാൽ കഞ്ഞികുടി മുട്ടും' എന്ന അസി. സെക്രട്ടറിയുടെ ഭീഷണിയാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമെന്ന് ഗണേശ്‌രാജ് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിൽ 2014-15 സാമ്പത്തിക വർഷം ജില്ലാതലത്തിലും 2016-17 സാമ്പത്തിക വർഷം സംസ്ഥാനതലത്തിലും ഇടമലക്കുടിക്ക് ആയിരുന്നു ഒന്നാം സ്ഥാനം. തങ്ങളുടെ ആത്മാർത്ഥമായ പരിശ്രമംകൊണ്ടാണ് ഈ നേട്ടം കൈവരിച്ചതെന്നും പിന്നീട് പ്രശ്നക്കാരനായ അസി. സെക്രട്ടറി ചുമതലയേറ്റശേഷം പദ്ധതി നടത്തിപ്പിൽ ഇടമലക്കുടി ഏറ്റവും പിന്നിലായെന്നും ഗണേശ് രാജ് പറഞ്ഞു.

ഓവർസീയർക്കും പീഡനം

ഇടമലക്കുടിയിലെ സ്ഥിരം ജീവനക്കാരനായ എൻ.ആർ.ഇ.ജി പദ്ധതിയുടെ ഓവർസീയർ അനീഷ് അസി. സെക്രട്ടറിയുടെ പീഡനം സഹിക്കാനാവാതെ ദീർഘകാല അവധിയിൽ പ്രവേശിച്ചതായി പറയപ്പെടുന്നു.