തൊടുപുഴ: നഗരത്തിൽ ചിലയിടങ്ങളിൽ പകൽ സമയങ്ങളിൽ വരെ വഴിവിളക്കുകൾ സൂര്യനൊപ്പം കത്തി ജ്വലിക്കുമ്പോൾ മറ്റ് പലയിടങ്ങളിലും രാത്രിയിൽ പോലും മിഴിതുറക്കാറില്ല. മാസങ്ങളായി കോതായിക്കുന്ന് നഗരസഭാ ബസ് സ്റ്റാൻഡിലെ വഴിവിളക്കുകൾ പ്രവർത്തന രഹിതമായിട്ട്. സ്റ്റാൻഡിലേക്ക് ബസുകൾ ഇറങ്ങി വരുന്ന ഭാഗത്തുള്ള പേ ആൻ്റ് പാർക്കിലെ ഹൈമാസ്റ്റ് ലൈറ്റ് ഒഴികെ മറ്റൊന്നും തെളിയുന്നില്ല. സ്റ്റാൻഡിനകത്ത് പത്തോളം സ്ഥലങ്ങളിൽ വൈദ്യുതി പോസ്റ്റുകളിൽ വഴി വിളക്കുകൾ ഉണ്ടെങ്കിലും ഒന്നുംപോലും പ്രവർത്തിക്കുന്നില്ല. സ്റ്റാൻഡിൽ മാത്രമല്ല അമ്പലം ബൈപാസ് റോഡ്,​ ടൗൺ ഹാളിന് മുന്നിൽ,​ ധന്വന്തരി കവല,​ കാഞ്ഞിരമറ്റം കവല എന്നിവിടങ്ങളിലെ ആധുനിക ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെയും പ്രധാന റോഡുകളിലെയും ഏതാനും വഴിവിളക്കുകളും ഏറെ നാളായി മിഴിയടച്ചിട്ട്. സമീപ പ്രദേശങ്ങളിലെ കടകളിലെ ലൈറ്റുകൾ കൂടി അണച്ചാൽ ഈ പ്രദേശങ്ങൾ മുഴുവനായും ഇരുട്ടിലാവും. രാത്രി കാലങ്ങളിൽ നഗരത്തിലെത്തുന്നവരാണ് ഏറെ കഷ്ടത്തിലാവുന്നത്. രാത്രി ജോലിയും മറ്റും കഴിഞ്ഞ് സ്റ്റാൻഡിലും കാത്തിരിപ്പ് കേന്ദ്രങ്ങളിലും ബസ് കാത്ത് നിൽക്കുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള യാത്രക്കാർ വെളിച്ചമില്ലാതെ ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. വഴിവിളക്കുകൾ നന്നാക്കിയാലും രണ്ടോ മൂന്നോ മാസങ്ങൾ കഴിയുമ്പോൾ വീണ്ടും കേടാവുകയാണെന്ന് വ്യാപാരികൾ പറയുന്നു.

ഇരുട്ടിൻ മറവിൽ സാമൂഹ്യ വിരുദ്ധർ

രാത്രിയായാൽ ബസ്‌ സ്റ്റാൻഡ് പരിസരത്തും വിവിധ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം ഏറെ ഭയപ്പെടുകയാണ് യാത്രക്കാർ. മദ്യപിച്ച് ബഹളമുണ്ടാക്കി ഉടുതുണി പോലുമില്ലാതെ മദ്യപർ നിലത്ത് കിടക്കുന്നത് നഗരത്തിലെ പതിവ് കാഴ്ചയാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാത്രിയിൽ ധന്വന്തരി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ സമാനമായ സംഭവം ഉണ്ടായത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു. ഇത്തരക്കാർക്ക് ഇരുട്ട് ഒരനുഗ്രഹമായി മാറുകയാണ്.