drug
തേക്കടി ബാംബുഗ്രോവിൽ ലഹരിക്കെതിരെ സംഘടിപ്പിച്ച സെമിനാറിൽ സംസ്ഥാന എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് മുഖ്യപ്രഭാഷണം നടത്തുന്നു.

ഇടുക്കി: മയക്കുമരുന്നുകളോടുള്ള ആസക്തി ഒരു രോഗമായി പരിഗണിച്ച് അത്തരം വ്യക്തികൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാക്കണമെന്ന് സംസ്ഥാന എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് പറഞ്ഞു. തേക്കടിയിൽ വനംവകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലഹരി എന്ന ദുഷ്‌പ്രവണതയെ ഉന്മൂലനം ചെയ്യാൻ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും കൂട്ടായ്മ ആവശ്യമാണ്. താളംതെറ്റിയ കുടുംബപശ്ചാത്തലവും മാതാപിതാക്കളുടെ അശ്രദ്ധയും ഒറ്റപ്പെടലുകളുമാണ് കുട്ടികളെ ലഹരിയുടെ ലോകത്തേക്ക് നയിക്കുന്നത്. ആകാംഷ, പിരിമുറുക്കം, ഭയം എന്നിവയും കാരണമാണ്. ദൂഷ്യവശങ്ങളെക്കുറിച്ചുള്ള അജ്ഞത, കൂട്ടുകാരുടെ പ്രോത്സാഹനം അനുകരിക്കാനുള്ള വ്യഗ്രത എന്നിവയാൽ ലഹരിക്ക് അടിമപ്പെടുന്നവരാണ് ഏറെയും. കുട്ടികൾ ലഹരിക്ക് അടിമകളാണെന്ന് തിരിച്ചറിഞ്ഞാൽ അവരെ ശിക്ഷിക്കുന്നതിന് പകരം കൂടുതൽ സ്നേഹവും പരിചരണവും നൽകണം. ഒപ്പം ഡീ- അഡീക്ഷൻ സെന്ററുകളിൽ എത്തിച്ച് ചികിത്സയും ബോധവത്കരണവും നടത്തണം. വ്യക്തികളുടെ സ്വകാര്യതയും വ്യക്തിത്വവും സംരക്ഷിച്ചുവേണം ചികിത്സ നൽകാൻ. കുട്ടികളെ ലഹരിയുടെ ലോകത്തേക്ക് നയിക്കുന്ന കൂട്ടുകാരെ കണ്ടെത്തി അവരുടെ വീടുകളിൽ വിവരം അറിയിക്കാനുള്ള സാമൂഹ്യപ്രതിബദ്ധത എല്ലാവർക്കുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് ദക്ഷിണമേഖല കൺസർവേറ്റർ ഐ. സിദ്ധിഖ് സെമിനാർ ഉദ്ഘാടനം ചെയ്തു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ സുരേഷ്, വൈസ് പ്രസിഡന്റ് സൺസി മാത്യു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൺസി മാത്യു, പഞ്ചായത്ത് അംഗം ഉഷ രാജൻ, റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.ടി. തോമസ്, ചൈൽഡ് ലൈൻ കോ- ഓർഡിനേറ്റർ ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു.