മറയൂർ: മറയൂർ ശർക്കരയ്ക്ക് ഭൗമ സൂചിക പദവി ലഭ്യമാക്കിയതിൽ പ്രധാന പങ്കുവഹിച്ച കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിന് നന്ദി രേഖപ്പെടുത്താൻ അഞ്ചുനാട് സംഘം തൃശൂർ കാർഷിക സർവകലാശാലയിൽ എത്തി. മറയൂർ ശർക്കരയും കാന്തല്ലൂർ സ്‌ട്രോബറിയും നൽകിയാണ് സംഘം മന്ത്രിയെ നന്ദി അറിയിച്ചത്. കേരള കാർഷിക സർവകലാശാല ബൗദ്ധിക സ്വത്തവകാശ സെൽ കോ- ഓർഡിനേറ്റർ ഡോ.സി.ആർ. എൽസിയെയും സംഘം നന്ദി അറിയിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കരിമ്പ് ശർക്കരയായ മറയൂർ ശർക്കരയുടെ പ്രത്യേകത മന്ത്രിയ്ക്ക് മറയൂർ സന്ദർശനവേളയിലാണ് ബോധ്യപ്പെട്ടത്. തുടർന്ന് ഭൗമ സൂചിക പദവി ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ബൗദ്ദിക സ്വത്തവകാശ സെൽ കോ- ഓർഡിനേറ്റർ ഡോ. സി.ആർ. എൽസിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഇവരുടെ കഠിന ശ്രമത്തിനൊടുവിലാണ് മറയൂർ ശർക്കരയ്ക്ക് ഭൗമ സൂചിക പദവി ലഭിച്ചത്. കൃഷി, ഉത്പാദന, വിപണന രീതിയിലും കാതലായ മാറ്റങ്ങൾ വരുത്തി വേണം ശർക്കര വിപണിയിൽ എത്തിക്കുവാനെന്ന് മന്ത്രി നിർദ്ദേശിച്ചു. നിലവിലുള്ള പാരമ്പര്യം കൈവിടാതെ വൃത്തിയുള്ള ആലപ്പുരകൾ നിർമ്മിക്കുന്നതിന് ആവശ്യമായ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. തഞ്ചാവൂർ പായ്ക്കിംഗ് സംവിധാന ശൈലി പരിശീലിപ്പിക്കും. കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി റാണി, അഞ്ചു നാട് കരിമ്പ് ഉത്പാദക വിപണന സംഘം പ്രസിഡന്റ് പി.എൻ.വിജയൻ, മഹാഡിന്റെ പ്രതിനിധികളായ എസ്. ഇന്ദ്രജിത്ത്, അനൂപ് ടി.ജി, മാപ്‌കോ സി.ഇ.ഒ സെൽവിൻ, കൃഷി ഓഫീസർമാരായ പ്രിയ പീറ്റർ, എം.ഗോവിന്ദ രാജ് എന്നിവരടങ്ങിയ സംഘമാണ് മന്ത്രിയെ സന്ദർശിച്ച് നന്ദി അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിനെയും സംഘം സന്ദർശിച്ചു.