മറയൂർ: മറയൂരിലെ സംരക്ഷിത പുരാവസ്തു മേഖലയിലും തീർത്ഥമലയിലും കാട്ടു തീ പടരുന്നു. ഗവ. ഹൈസ്‌ക്കൂളിന് പിൻവശത്തെ മലനിരകളിലെ പുൽമേടുകൾക്കാണ് തീപിടിച്ചത്. ഇന്ദിര നഗർ ആദിവാസി പുനരധിവാസ കോളനിയിലെ സ്ഥലത്ത് നിന്നുമാണ് തീ സംരക്ഷിത പുരാവസ്തു മേഖലയിലേക്ക് പടർന്നതെന്ന് സമീപവാസികൾ പറയുന്നു. മലയ്ക്ക് താഴെയുള്ള സ്വകാര്യ ഭൂമിയിലേക്കും തീ പടർന്നു. മറയൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും പൊലീസുകാരും മൂന്നാറിൽ നിന്ന് അഗ്നിശമന സേനയും സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ സ്ഥലത്ത് വാഹനം എത്തിക്കാൻ കഴിയാത്തതാണ് രക്ഷാപ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നത്. ഏറ്റവും കൂടുതൽ മുനിയറകളുള്ള മേഖലയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. കാട്ടുതീയിൽപ്പെട്ട് നിരവധി മുനിയറകൾകൾക്കും ഗുഹാചിത്രങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഈ ഭാഗത്ത് അഞ്ചിലധികം തവണ കാട്ടുതീ ഉണ്ടായി. പുരാവസ്തു സംരക്ഷണ മേഖലയിൽ പുരാവസ്തു വകുപ്പ് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് ഇവർ വരാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വാച്ചർമാരായി പ്രദേശവാസികളെ നിയോഗിച്ചിരുന്നെങ്കിൽ തീ ശ്രദ്ധയിൽപെടുകയും അതിവേഗം നിയന്ത്രണ വിധേയമാക്കുകയും ചെയ്യുമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.
തീർത്ഥമലയിലും കാട്ടുതീ പടരുന്നു
കാന്തല്ലൂർ, മൂന്നാർ പഞ്ചായത്തുകളുടെ അതിർത്തി മലനിരയായ ചട്ട മൂന്നാർ, തീർത്ഥമല എന്നിവിടങ്ങളിലും കാട്ടുതീ പടരുന്നു. ഇവിടെ വനഭൂമിയിലും സ്വകാര്യ ഭൂമിയിലും തീ അതിവേഗം പടരുന്നു. കഴിഞ്ഞ വേനൽക്കാലത്തും ഈ മേഖലയിൽ വ്യാപകമായി തീപിടുത്തമുണ്ടായിരുന്നു.