ചെറുതോണി: കടുത്ത വേനലിൽ കൃഷി ഉണങ്ങി നശിക്കുമ്പോൾ പഴയരിക്കണ്ടം കുത്തിന് മുകളിൽ ചെക്ക്ഡാം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിൽ പഴയിരികണ്ടം പ്രദേശങ്ങളിൽ കൃഷിക്കും കുടിവെള്ളത്തിനും കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇത് പരിഹരിക്കുന്നതിന് പഴയരിക്കണ്ടം കുത്തിന് മുകളിൽ ചെക്ക്ഡാം നിർമ്മിച്ചാൽ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ജനങ്ങൾക്ക് പ്രയോജനപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. പദ്ധതിയിലൂടെ കഞ്ഞിക്കുഴി പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണാം. വേനൽ കടുത്തതോടെ ജല സ്രോതസുകൾ വറ്റിവരണ്ട് കടുത്ത ജലക്ഷാമം നേരിടുന്ന പഴയരിക്കണ്ടം, കുടുക്കാക്കണ്ടം, വരകുളം, പ്രഭാ സിറ്റി, പിള്ള സിറ്റി എന്നീ പ്രദേശത്തെ നൂറ് കണക്കിന് ജനങ്ങളുടെ കൃഷി, കുടിവെള്ളം എന്നിവയ്ക്ക് ശാശ്വത പരിഹാരമാകും. ജലസേചന വകുപ്പിൽ നിരവധി തവണ പരാതികൾ നൽകിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉദ്യോഗസ്ഥർ സ്വീകരിച്ചിട്ടില്ല. എറ്റവും ചിലവ് കുറഞ്ഞ രീതിയിൽ നൂറു കണക്കിന് ജനങ്ങൾക്ക് കുടിവെള്ളത്തിനും കൃഷി ആവശ്യത്തിനും പ്രയോനപ്രദമാകുന്ന ഈ പദ്ധതി നടപ്പിലാക്കാൻ ജനപ്രതിനിധികളും സർക്കാരും തയ്യാറാകണമെന്ന് നാട്ടുകാരാവശ്യപ്പെടുന്നു.