ചെറുതോണി: പാതിരാത്രിയിൽ വീട് കയറി യുവതിയായ വീട്ടമ്മയെയും മൂന്ന് മക്കളെയും ആക്രമിച്ചതായി പരാതി. ചുരുളി ചോലിക്കരയിൽ റാണിതോമസ് (34), പ്രണവ് (14), ഇമ്മാനുവൽ (4), ഗോഡ്വിൻ (ഒന്ന്) എന്നിവരെയാണ് ആക്രമിച്ചത്. ഇവരെ കഞ്ഞിക്കുഴി തള്ളക്കാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് അയൽവാസികളായ രണ്ടുപേരും മറ്റ് മൂന്നുപേരും വീടിന്റെ വാതിൽപൊളിച്ച് അകത്തുകയറിയതെന്ന് പരാതിയിൽ പറയുന്നു. റാണിയെ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ മക്കളുടെ കഴുത്തിൽ വാക്കത്തിവച്ച് ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി റാണിയും മക്കളും പറയുന്നു. ഭർത്താവ് തോമസ് എറണാകുളത്ത് ഹോട്ടൽ ജീവനക്കാരനാണ്. ഇയാൾ സ്ഥലത്തില്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്. രണ്ടാഴ്ച മുമ്പും ഇത്തരത്തിൽ ആക്രമണം ഉണ്ടായി. ഇതേക്കുറിച്ച് പരാതി നൽകിയിയെങ്കിലും കേസെടുക്കാതെ പറഞ്ഞയ്ക്കുകയായിരുന്നെന്ന് ആക്ഷേപമുണ്ട്. ഇതിന്‌ ശേഷം കുട്ടികളും റാണിയും ഭീതിയിലാണ് കഴിഞ്ഞിരുന്നത്. പൂർവ്വ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് വീട്ടമ്മ പറയുന്നു. കഞ്ഞിക്കുഴി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.