ചെറുതോണി: വൈദ്യുതി കമ്പിയിൽ നിന്ന് തീ പടർന്ന് അഞ്ചേക്കർ കൃഷിസ്ഥലം കത്തി നശിച്ചു. വാഴത്തോപ്പ് മുളകുവള്ളി തൊട്ടിയിൽ സതീദേവി, ഇടമറ്റത്തിൽ വിമലാ മണിയമ്മ, കൊട്ടാരത്തിൽ ഷീല ബാബു എന്നിവരുടെ പുരയിടങ്ങളിലാണ് തീപിടിച്ചത്. ജാതി, കൊക്കോ, ഗ്രാമ്പു, ഏലം, കുരുമുളക് തുടങ്ങിയ കൃഷികളാണ് നശിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് താഴ്ന്ന് കിടന്ന വൈദ്യുതി കമ്പിയിൽ നിന്ന് തീ പടർന്നത്. അടിയന്തര നഷ്ടപരിഹാരം ലഭിക്കണമെന്നാവശ്യപ്പെട്ട് ഇവർ കെ.എസ്.ഇ.ബി എക്സിക്യുട്ടീവ് എൻജിനീയർക്ക് പരാതി നൽകി.