പീരുമേട്: പ്രളയത്തിൽ തകർന്ന വീടിന് പുനർനിർമ്മാണത്തിന് ധനസഹായം കിട്ടാത്തതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ പൂർത്തിയാക്കിയ നടപടിക്രമങ്ങൾ രേഖാമൂലം 22ന് ഹാജരാക്കാൻ താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പീരുമേട് തഹസിൽദാർ, ഏലപ്പാറ വില്ലേജ് ഓഫീസർ, ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിർദ്ദേശം നൽകി. പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കൂടിയായ താലൂക്ക് ലീഗൽ സർവീസ് അതോറിട്ടി ചെയർമാൻ യു. കൃഷ്ണനുണ്ണിയാണ് നിർദേശം നൽകിയത്. ജീവനൊടുക്കിയ രാജന്റെ മകൻ രാജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ 26നാണ് പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ഏലപ്പാറ ചെമ്മണ്ണ് ഒടിച്ചുകുത്തി കൊച്ചു തളിയിക്കൽ രാജനെയാണ് (62) മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ പ്രളയത്തിൽ രാജന്റെ വീട് പൂർണമായും തകർന്നിരുന്നു. വീട് വാസയോഗ്യമല്ലാത്തതിനെ തുടർന്ന് അടുത്തുള്ള തോട്ടം ലയത്തിലായിരുന്നു താമസം. പരാതി പരിഗണിച്ച് നോട്ടീസ് നൽകിയതിനെ തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർ, ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഉദ്യോഗസ്ഥർ എന്നിവർ ലീഗൽ സർവീസ് കമ്മിറ്റി സെക്രട്ടറിയായ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരായെങ്കിലും നൽകിയ വിവരങ്ങൾ പൂർണമല്ലാത്തതിനാലാണ് വെള്ളിയാഴ്ച വീണ്ടും ഹാജരാകാൻ നിർദ്ദേശം നൽകിയത്. പഞ്ചായത്തിന്റെ എൻജിനിയർ തകർന്ന വീട് പരിശോധിക്കുകയും ചെയ്‌തെന്ന് വ്യക്തമാക്കി.