തൊടുപുഴ: ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പൊന്നന്താനം ഗ്രാമീണ വായനശാല ഹാളിൽ അക്ഷയ ഊർജ്ജ സംരക്ഷണ ശിൽപശാല നടത്തും. സംസ്ഥാന എനർജി മാനേജ്മെന്റ്, സി.ഇ.ഡി, അനെർട്ട് കേരള, തട്ടാരത്തട്ട സെന്റ് പീറ്റേഴ്സ് യു.പി സ്കൂൾ, കുടുംബശ്രീ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പരിപാടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോൺ ശില്പശാല ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനു അദ്ധ്യക്ഷത വഹിക്കും. അനർട്ട് കേരള പ്രോഗ്രാം ഓഫീസർ ജോസഫ് ജോർജ് മുഖ്യ പ്രഭാഷണം നടത്തും. ഡോ. ജോസ് പോൾ വട്ടക്കണ്ടം ഊർജ്ജ സംരക്ഷണം എന്ന വിഷയത്തിൽ ക്ലാസ് നയിക്കും.
ഉമ്മൻചാണ്ടി വന്നാൽഎം.എം. മണിയുടെ ബൂത്തിലും യു.ഡി.എഫ് ലീഡ് ചെയ്യുമെന്ന് ഇബ്രാഹിംകുട്ടി കല്ലാർ
തൊടുപുഴ: ഉമ്മൻചാണ്ടി വന്നാൽ കാണിച്ചുകൊടുക്കാമെന്ന് വീമ്പിളക്കുന്ന മന്ത്രി എം.എം. മണി അങ്ങനെ സംഭവിച്ചാൽ സ്വന്തം വീടിരിക്കുന്ന ബൂത്തിലും യു.ഡി.എഫ് ലീഡ് ചെയ്യുമെന്ന കാര്യം വിസ്മരിക്കരുതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ. സ്വന്തം പാർട്ടിയിലെ തല മുതിർന്ന നേതാവായ മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ മൂന്നാറിൽ കൈയ്യേറ്റമൊഴിപ്പിക്കാൻ വന്നാൽ അദ്ദേഹത്തിന്റെ കാലു വെട്ടുമെന്നു പറഞ്ഞ എം.എം. മണി ഇതല്ല ഇതിലപ്പുറം പറഞ്ഞാലും ജനങ്ങൾക്ക് യാഥാർത്ഥ്യമറിയാം. ഇപ്പോൾ തന്നെ എം.എം. മണിയുടെ പഞ്ചായത്ത് യു.ഡി.എഫാണ് ഭരിക്കുന്നത്. വെറും 1109 വോട്ട് വ്യത്യാസത്തിനു മാത്രമാണ് വിജയിച്ചതെന്ന് മന്ത്രി മറക്കരുത്. ജില്ലക്കാരെ ഏറ്റവുമധികം ദ്രോഹിച്ച മുഖ്യമന്ത്രിയാരാണെന്ന് നാട്ടുകാർക്കറിയാമെന്നും കർഷക താത്പര്യങ്ങൾ ചവിട്ടിയരച്ച് റെക്കാഡിട്ടത് എൽ.ഡി.എഫാണെന്നും അദ്ദേഹം ആരോപിച്ചു. എൽ.ഡി.എഫ് ലോക്സഭാ സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ ആരോപണവിധേയരായവർ ജോയ്സ് ജോർജും പി.വി. അൻവറുമാണ്. അവർക്ക് വേണ്ടിയാണ് ഉമ്മൻചാണ്ടിയെ പോലൊരു മുൻമുഖ്യമന്ത്രിയെ പുലഭ്യം പറയുന്നതെങ്കിൽ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിയ്ക്ക് അത് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.
ശിൽപ്പശാല
ഇടുക്കി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം 2013ന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും ഈ പോസ് മെഷീനുകളുടെ പ്രവർത്തന രീതികളെക്കുറിച്ചും പൊതുവിതരണ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും ജില്ലയിലെ മാദ്ധ്യമപ്രവർത്തകർക്ക് അവബോധം നൽകാൻ സിവിൽ സപ്ലൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസ്, തൊടുപുഴ പ്രസ് ക്ലബ് എന്നിവയുടെ സഹകരണത്തോടെ 18ന് രാവിലെ 11ന് തൊടുപുഴ പ്രസ്ക്ലബിൽ ശിൽപ്പശാല നടത്തും.
ജില്ലാ ഇൻഫർമേഷൻ ഓഫീസറായി എൻ. സതീഷ്കുമാർ ചുമതലയേറ്റു
ഇടുക്കി: ജില്ലാ ഇൻഫർമേഷൻ ഓഫീസറായി എൻ. സതീഷ്കുമാർ ചുമതലയേറ്റു. ഡെപ്യൂട്ടി ഡയറക്ടറായി ഡൽഹിയിലേക്ക് സ്ഥംമാറിപ്പോകുന്ന എൻ.പി. സന്തോഷിന് പകരമാണ് ചുമതലയേറ്റത്. കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
അപേക്ഷ ക്ഷണിച്ചു
ഇടുക്കി: സി- ഡിറ്റ് സൈബർശ്രീ സെന്ററിൽ മാറ്റ്ലാബ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം അംബേദ്കർ ഭവനിൽ ഏപ്രിലിൽ പരിശീലനം ആരംഭിക്കും. 20നും 26നും മദ്ധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. നാലുമാസമാണ് പരിശീലനം. മാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നിവയിൽ എൻജിനിയറിംഗ് ബിരുദം/ എം.സി.എ പാസായവർ/ കോഴ്സ് പൂർത്തീകരിച്ചവർ, ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്) പാസായവർ എന്നിവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസയോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള ശരിപ്പകർപ്പും പൂരിപ്പിച്ച അപേക്ഷയും 25ന് മുമ്പായി സൈബർശ്രീ സെന്റർ, അംബേദ്കർ ഭവൻ, മണ്ണന്തല പി.ഒ, തിരുവനന്തപുരം- 695015 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ 8281627887, 9947692219.
ക്ലബ് ആരംഭിക്കുന്നു
തൊടുപുഴ: പ്രിയദർശിനി ആർട്സ് ആന്റ് സ്പോർട് ക്ലബ്ബിന്റെ പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ച് 31ന് രാവിലെ എട്ട് മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെ ഒളമറ്റം മാരിയിൽകലുങ്ക് മൗര്യാ ഗാർഡൻസിൽ മധുര അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രചികിത്സാ ക്യാമ്പും മരുന്ന് വിതരണവും നടത്തുമെന്ന് ഭാരാവഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ക്യാമ്പിലെ പരിശോധനയിൽ ഓപ്പറേഷൻ നിർദ്ദേശിക്കുന്ന തിമിര രോഗകിൾക്ക് തേനി അരവിന്ദ് ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയയും നടത്തും. ഓപ്പറേഷന് വിധേയരാകുന്ന രോഗികൾക്ക് ആഹാരം, മരുന്ന്, താമസസൗകര്യം, യാത്രാ ചെലവ്, കണ്ണട എന്നിവ സൗജന്യമായിരിക്കും. ലോങ് സൈറ്റ്, ഷോർട്ട് സൈറ്റ്, കാഴ്ചക്കുറവ് എന്നീ പരിശോധനയിൽ കണ്ണട ആവശ്യമുള്ള ആളുകൾക്ക് 100 രൂപ മുതൽ 300 രൂപ വരെ മിതമായ നിരക്കിൽ ലഭ്യമാക്കും. നേത്രചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനം സ്പൈസസ് ബോർഡ് മുൻ വൈസ് ചെയർമാൻ റോയി കെ. പൗലോസ് നിർവ്വഹിക്കും. ക്ലബ്ബ് പ്രസിഡന്റ് സുരേഷ് രാജു അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജീസ് ജോൺസൺ റിപ്പോർട്ട് അവതരിപ്പിക്കും. മുനിസിപ്പൽ കൗൺസിലർ സിസിലി ജോസ് മുഖ്യ പ്രഭാഷണം നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ, കുമ്മംകല്ല് റേഷൻ ഷോപ്പ് 9388454560, പുള്ളംകുളം സ്റ്റോഴ്സ് ഇടവെട്ടി: 9446089421, ഇൻഡ്യൻ ബേക്കറി മുട്ടം : 255675, യുണൈറ്റഡ് ഹാർഡ് വെയേഴ്സ് അരിക്കുഴ: 281122, എന്നിവിടങ്ങളിലും തൊടുപുഴ മുനിസിപ്പൽ പരിധിയിലുള്ള എല്ലാ അംഗൻവാടികളിലും പേര് രജിസ്റ്റർ ചെയ്യണം.
സൗജന്യനേത്ര ചികിത്സക്യാമ്പ്
തൊടുപുഴ: അറയ് ക്കപ്പാറ പ്രിയദർശിനി ആർട്സ് ആന്ഡ് സ്പോർട്സ് ക്ലബിന്റെ പ്രവർത്തന ഉദ്ഘാടനവും മധുര അരവിന്ദ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 31ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ഒളമറ്റം മാരിയിൽ കലുങ്ക് മൗര്യഗാർഡൻസിൽ സൗജന്യ നേത്രചികിത്സ ക്യാമ്പും മരുന്ന് വിതരണവും നടത്തും. സ്പൈസസ് ബോർഡ് മുൻ വൈസ് ചെയർമാൻ റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് സുരേഷ് രാജു അദ്ധ്യക്ഷത വഹിക്കും.. സിസിലി ജോസ് മുഖ്യ പ്രഭാഷണം നടത്തും.
ഒ.എൻ.വി- കലാഭവൻ മണി അനുസ്മരണം
തൊടുപുഴ: ചിറ്റൂർ ജവഹർ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഒ.എൻ.വി- കലാഭവൻ മണി അനുസ്മരണവും ഗാനസന്ധ്യയും നടത്തി. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സാ ജോൺ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സുജാത രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ദാസ് തൊടുപുഴ, ഫ്ലവേഴ്സ് ടി.വി ടോപ്പ് സിംഗർ ആവണി പി. ഹരീഷ് എന്നിവർ കലാപ്രതിഭകളെ ആദരിച്ചു.