തൊടുപുഴ: കോടികൾ ചെലവഴിച്ച് നിർമിച്ച പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ ഉദ്ഘാടനം അടുത്തകാലത്തൊന്നും നടക്കാനിടയില്ല. ഫണ്ടിന്റെ അപര്യാപ്തതയുൾപ്പെടെയുള്ള പല പ്രതിബന്ധങ്ങളും മറികടന്നെങ്കിലും പുതിയ ഓരോ പ്രതിസന്ധികൾ കാരണം ഉദ്ഘാടനം നീണ്ടുപോവുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതാണ് ടെർമിനലിന്റെ ഉദ്ഘാടനത്തിന് ഇപ്പോൾ തടസമായിരിക്കുന്നത്. ടെർമിനലിന്റെ നിർമ്മാണം രണ്ട് വർഷം മുന്പ് പൂർത്തിയായിരുന്നു. വൈദ്യുതി, വെള്ളം,​ വാണിജ്യ മുറികളുടെ ഇടഭിത്തി നിർമ്മാണം,​ പെയിന്റിംഗ്,​ ഫർണിഷിംഗ്,​ അഗ്നി സുരക്ഷ വിഭാഗത്തിന്റെ സർട്ടിഫിക്കറ്റ്,​ ഗാരേജിനടിയിലെ റാമ്പുകൾ,​ ജനറേറ്റർ സ്ഥാപിക്കൽ,​ പാർക്കിംഗ് ഏരിയായിൽ ടൈൽ വിരിക്കൽ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ കാലതാമസമെടുത്തിരുന്നു. എന്നാൽ ഒരു വർഷം മുമ്പ് ഇതെല്ലാം പരിഹരിച്ചിട്ടും പുതിയ ടെർമിനലിലേക്ക് പ്രവർത്തനം മാറ്റാനായില്ല.​ കെ.എസ്.ആർ.ടി.സിയുടെ തനത് ഫണ്ടിന്റെ അഭാവമാണ് ജോലികൾക്ക് തടസമായി അന്ന് അധികൃതർ പറഞ്ഞിരുന്നത്. തുടർന്ന് പി.ജെ.ജോസഫ് എം.എൽ.എയുടെ നിയോജകമണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്ന് ഒരുകോടി ഉപയോഗിച്ച് മുഴുവൻ ജോലികളും പൂർത്തിയാക്കി. എന്നാൽ ഉദ്ഘാടനം മാത്രം നടന്നില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ അടുത്തകാലത്തൊന്നും അത് നടക്കുമെന്ന പ്രതീക്ഷയും നാട്ടുകാർക്കില്ല. കാഞ്ഞിരമറ്റം ബൈപാസിൽ നഗരസഭയുടെ ലോറി സ്റ്റാൻഡിൽ അസൗകര്യങ്ങളുടെ നടുവിലാണ് താത്കാലികമായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഇപ്പോൾ പ്രവർത്തിക്കുന്നത്. രാത്രിയായാൽ പകുതിയിലേറെ ബസുകളും കാഞ്ഞിരമറ്റം ബൈപാസ് റോഡിനരുകിലാണ് പാർക്ക് ചെയ്യുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവിടെ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ച് വെങ്ങല്ലൂർ വരെ കൊണ്ടുപോയ സംഭവമുണ്ടായിരുന്നു.

പണി തുടങ്ങിയിട്ട് ആറ് വർഷം

തൊടുപുഴ- മൂലമറ്റം റൂട്ടിൽ മൂപ്പിൽകടവ് പാലത്തിന് സമീപം ബസ് സ്റ്റാൻഡ്, ഷോപ്പിംഗ് കോംപ്ലക്‌സ്, ജീവനക്കാർക്ക് ക്വാർട്ടേഴ്‌സ് എന്നിവ ഉൾപ്പെടുന്ന ടെർമിനലിന്റെ നിർമാണം 2013 ജനുവരി പത്തിനാണ് ആരംഭിച്ചത്. സർക്കാർ ഏജൻസിയായ കിറ്റ്‌കോയുടെ മേൽനോട്ടത്തിൽ മൂവാറ്റുപുഴയിലെ മേരിമാതാ കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു നിർമാണച്ചുമതല. പന്ത്രണ്ടര കോടി കണക്കാക്കിയ നിർമാണച്ചെലവ് പിന്നീട് 16 കോടിയാക്കി ഉയർത്തി. രണ്ടര വർഷമായിരുന്നു നിർമാണകാലാവധി. എന്നാൽ, പല കാരണങ്ങളാൽ നിർമാണം രണ്ടുതവണ മുടങ്ങി. ഇതുകാരണം സാമഗ്രികളുടെ വാടകയിനത്തിലും കരാറുകാരന് കൊടുക്കാനുള്ള കുടിശികയുടെ പലിശയിനത്തിലും പ്രതിമാസം ലക്ഷക്കണക്കിന് രൂപ കോർപറേഷന് നഷ്ടമായി. തുടർന്ന് പി.ജെ. ജോസഫ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് കോർപറേഷനിൽ നിന്ന് കിട്ടാനുള്ള കുടിശിക സംബന്ധിച്ച് തീരുമാനമായതോടെയാണ് നിർമ്മാണം പൂർത്തിയായത്.