കുമളി: പെരിയാർ കടുവ സങ്കേതത്തിൽ വനസംരക്ഷണം കൂടുതൽ കാര്യക്ഷമമാക്കാൻ നൂനത സാങ്കേതിക സംവിധാനം നടപ്പിൽ വന്നു.

ആൻഡ്രോയ്ഡ് ആപ്പിന്റെ സഹായത്തോടെ എം-സ്ട്രെെപ്പ്സ് (മോനിറ്ററിംഗ് സിസ്റ്റം ഫോർ ടെെഗേഴ്സ്-ഇന്റൻസീവ് പ്രോട്ടക്ഷൻ ആന്റ് ഇക്കോളജിക്കൽ സ്റ്റാറ്റസ്) ഇ-പ്രട്രോളിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തേക്കടിയിലെ വന സംരക്ഷമവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും രേഖപ്പെടുത്താനും നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ നൽകാനും ഈ സാങ്കേതിക സംവിധാനത്തിലൂടെ സാധിക്കും. ഫീൽഡ് ജീവനക്കാർക്ക് നേരിട്ടും അല്ലാതെയും വന്യജീവികളെ കുറിച്ചു ലഭിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കും. പരിസ്ഥിതിക്ക് മനുഷ്യരുണ്ടാക്കുന്ന ആഘാതം, വന്യജീവികളുടെ മരണം, വനത്തിനുള്ളിലെ ജല സ്രോതസുകൾ, വനത്തിലൂടെ സഞ്ചരിക്കുന്ന പ്രട്രോളിംഗ് സംഘത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങൾ സങ്കേതിക സംവിധാനത്തിലൂടെ രേഖപ്പെടുത്താനും നിരീക്ഷിക്കാനും കഴിയുന്നതിനാൽ പെരിയാർ കടുവ സങ്കേതത്തിലെ വനസംരക്ഷണ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സാഹായകമാകും. കൂടാതെ ജനവാസമേഖലകളിൽ വന്യജീവികൾ പ്രവേശിച്ചുണ്ടാക്കുന്ന പ്രശ്നങ്ങൾ രേഖപ്പെടുത്താൻ കഴിയും. നിലവിലെ സംരക്ഷണ പ്രവർത്തനങ്ങൾ കൃത്യമായും വിലയിരുത്താനും പോരായ്മകൾ പരിഹരിക്കാനും എം-സ്ട്രെെപ്പ്സ് ഏറെ ഗുണകരമാകുമെന്ന് പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ ശിൽപ വി. കുമാർ പറഞ്ഞു. ദേശീയ കടുവ സംരക്ഷണ സമിതിയുടെ നിർദ്ദേശപ്രകാരമാണ് സംവിധാനം നടപ്പിലാക്കിയത്. പെരിയാർ കടുവാ സങ്കേതത്തിലെ എല്ലാ റേഞ്ചുകളിലും എം- സ്ട്രെെപ്പ്സിന്റെ പ്രവർത്തനം കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.