ഇടുക്കി: ഏപ്രിൽ 19ന് നടക്കുന്ന മംഗളാദേവി ചിത്രാപൗർണമി ഉത്സവം ആഘോഷിക്കാൻ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഇടുക്കി- തേനി ജില്ലാ ഭരണകൂടങ്ങളുടെ സംയുക്തയോഗം തീരുമാനിച്ചു. വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തുന്ന ഭക്തർക്കായി വിവിധ വകുപ്പുകൾ ഏർപ്പെടുത്തുന്ന സജ്ജീകരണങ്ങൾ കമ്പം മുൻസിപ്പൽ ഹാളിൽ ചേർന്ന വകുപ്പ് തലവൻമാരുടെ അവലോകന യോഗത്തിൽ വിലയിരുത്തി. ഇടുക്കി ജില്ലാ കളക്ടർ എച്ച്. ദിനേശൻ, തേനി കളക്ടർ എം. പല്ലവി ബൽദേവ് എന്നിവർ ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകി. ക്ഷേത്രം സ്ഥിതിചെയ്യുന്നത് വൈൽഡ് ലൈഫ്‌പ്രൊട്ടക്ഷൻ നിയമം നിലനിൽക്കുന്ന പെരിയാർ ടൈഗർ റിസർവ് പ്രദേശമായതുകൊണ്ട് നിയന്ത്രണങ്ങൾക്ക് വിധേയമായി, ബുദ്ധിമുട്ടില്ലാതെ ഭക്തർക്ക്‌ ക്ഷേത്ര ദർശനത്തിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ക്ഷേത്രത്തിലേക്ക് പോകാനുള്ള വാഹനങ്ങൾക്ക് ആർ.ടി.ഒ പാസ് നൽകും. കാനനപാതിയിൽ ഓരോ 600 മീറ്റർ ഇടിവിട്ട് ശുദ്ധജല വിതരണ കിയോസ്‌കുകൾ സ്ഥാപിക്കും. വൈദ്യശുശ്രൂഷ നൽകാൻ മെഡിക്കൽ സംഘം, ആംബുലൻസ് സൗകര്യം തുടങ്ങിയവയും ഏർപ്പെടുത്തും.