ഇടുക്കി: രണ്ട് തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് കൈവശം സൂക്ഷിക്കുന്നതും വോട്ടർപട്ടികയിൽ രണ്ടിടത്ത്‌ പേരുണ്ടെങ്കിലും വോട്ടുചെയ്യാൻ ശ്രമിക്കുന്നതും ജനപ്രാതിനിധ്യപ്രകാരം കുറ്റകരമാണെന്നും കർശന നടപടി നേരിടേണ്ടിവരുമെന്നും ജില്ലാ കളക്ടർ എച്ച്. ദിനേശൻ മുന്നറിയിപ്പ് നൽകി. കമ്പം മുൻസിപ്പൽ ഹാളിൽ ചേർന്ന ഇടുക്കി- തേനി ജില്ലാഭരണകൂടങ്ങളുടെ സംയുക്തയോഗത്തിന്‌ ശേഷമാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. തമിഴ്നാട്ടിലും കേരളത്തിലും വോട്ടർപട്ടികയിൽ പേരുള്ള ഏതാനും പേരെ സൂക്ഷ്മപരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ഇലക്ടറൽ സെക്ടർ ഓഫീസർ സമക്ഷം എവിടെയാണ്‌ വോട്ട് ചെയ്യാൻ താത്പര്യമെന്നറിയിച്ച് രണ്ടാമത്തെ വോട്ട് പട്ടികയിൽ നിന്ന്‌ പേര് നീക്കം ചെയ്യാം. തിരഞ്ഞെടുപ്പ് നിരീക്ഷണ സ്‌ക്വാഡുകൾ, എക്‌സൈസ്, പോലീസ് എന്നിവയുടെ പരിശോധനയിലൂടെയും അതിർത്തിയിലെ ചരക്കുനീക്കവും വാഹന നീക്കത്തിന്റെയും നിരീക്ഷണം ശക്തമാക്കും. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുന്നവരുടെ തിരിച്ചറിയൽ രേഖ പരിശോധിക്കുന്നതിനും വോട്ടർപട്ടികയുമായി ഒത്തുനോക്കുന്നതിനും ഇരു ജില്ലകളും നിരീക്ഷണ ഉദ്യോഗസ്ഥർക്ക്‌ രേഖകൾ കൈമാറാനും തീരുമാനിച്ചു.
തമിഴ്നാട്ടിലും കേരളത്തിലും രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രണ്ടിടത്തും വോട്ട്‌ ചെയ്യാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത പരിശോധന നടത്താൻ ഇരു ജില്ലാഭരണകൂടവും തീരുമാനിച്ചത്. യോഗത്തിൽ തേനി കളക്ടർ എം. പല്ലവി ബൽദേവ്, വനംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശിൽപ്പ വി. കുമാർ, തമിഴ്നാട് ഡി.ആർ.ഒ കെ. കന്തസാമി, പൊലീസ് സൂപ്രണ്ട് വി. ഭാസ്‌കരൻ തുടങ്ങിയവർ പങ്കെടുത്തു.