തൊടുപുഴ: പെരുമ്പിള്ളിച്ചിറ- ഏഴല്ലൂർ റൂട്ടിലെ ബസുകളുടെ മരണപാച്ചിലിൽ ഭയന്ന് മറ്റ് വാഹന- കാൽനടയാത്രക്കാർ. നിരവധി സ്കൂളുകളും കോളേജും മെഡിക്കൽ കോളേജും പ്രവർത്തിക്കുന്ന ഈ റൂട്ടിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ നിരവധി വാഹനങ്ങളിലായി സഞ്ചരിക്കുന്നത്. രാവിലെയും വൈകിട്ടുമാണ് തിരക്കേറെ. എന്നാൽ ഈ സമയങ്ങളിൽ മിക്ക സ്റ്റോപ്പുകളിൽ നിന്നും വിദ്യാർത്ഥികളായ യാത്രക്കാരെ കയറ്റാതെ ബസുകൾ ചീറിപ്പായുന്നതായാണ് ആക്ഷേപം. ഇത് ചോദ്യം ചെയ്താൽ ബസ് ജീവനക്കാരുടെ വക അസഭ്യം കേൾക്കേണ്ടിവരുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. നിരവധി വളവുകളുള്ള ഇടുങ്ങിയ റോഡിലൂടെ അമിത വേഗതയിലെത്തുന്ന ബസുകൾ അപകടഭീഷണിയാകാറുണ്ട്. ഭാഗ്യത്തിന് ഇതുവരെ വലിയ അപകടങ്ങളൊന്നും ഉണ്ടായിട്ടില്ല. ബസുകളുടെ അമിതവേഗത്തിനെതിരെ മോട്ടോർ വാഹന വകുപ്പിനും പൊലീസിനും പരാതി നൽകനൊരുങ്ങുകയാണ് നാട്ടുകാർ.