kk
പാമ്പനാർ മാർക്കറ്റിലുണ്ടായ തീപിടുത്തം.

പീരുമേട്: പാമ്പനാർ മാർക്കറ്റിൽ രാത്രിയുണ്ടായ അഗ്നിബാധയിൽ ലക്ഷങ്ങളുടെ നാശനഷ്ടം. അപകട സമയം മാർക്കറ്റിൽ ആളില്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം. തീയണക്കാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടു അഗ്നിശമന സേനാംഗങ്ങൾക്ക് പരിക്കേറ്റു. ഫയർമാൻമാരായ ജി. ഗോപൻ (28), കെ.ആർ. അർജുൻ (25) എന്നിവർക്കാണ് പരിക്കേറ്റത്. പാമ്പനാർ മാർക്കറ്റിൽ വെള്ളിയാഴ്ച രാത്രി 12 നായിരുന്നു തീപിടുത്തം. രാത്രിയോടെ ഉഗ്രസ്‌ഫോടനത്തോടെയുള്ള ശബ്ദം കേട്ട ആട്ടോറിക്ഷാ തൊഴിലാളികളാണ് തീപിടുത്തം ആദ്യം കണ്ടത്. മാർക്കറ്റിലെ വ്യാപാരികളായ ഷക്കീറിന്റെ പലചരക്ക് കടയും വിശ്വനാഥൻ ആചാരിയുടെ വെറ്റകടയിലും യേശുദാസിന്റെ ഉടമസ്ഥതയിലുള്ള മൊബൈൽ വിൽപ്പന കേന്ദ്രത്തിലുമാണ് തീ പടർന്നത്. തീ അണയ്ക്കാൻ സമീപത്തെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്ളവർ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പീരുമേട്ടിൽ നിന്ന് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും ഇതിനിടയിൽ രണ്ട് സ്ഥാപനങ്ങൾ പൂർണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമായതെന്ന് അഗ്നിശമന സേനയുടെ പ്രാഥമിക നിഗമനം. തീപിടുത്തത്തിൽ വ്യാപാര സ്ഥാപനങ്ങളിലെ മുഴുവൻ സാധങ്ങളും പൂർണമായും കത്തിനശിച്ചു. വൈദ്യുതി തൂണിലെ വഴിവിളക്കിലേക്ക് തീ പടർന്നെങ്കിലും വൈദ്യുതി ബന്ധം വിശ്ചേദിച്ചതിനാൽ അപകട തീവ്രത കുറച്ചു. സമീപത്ത് മെഡിക്കൽ സ്റ്റോർ ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് തീ പടരാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നാലു ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. പീരുമേട് അഗ്നിശമന സേനാ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷാജഹാൻ, കെ.എം. രവി, ജി. ഗോപൻ, അനൂപ് ആർ.എസ്, കെ.ആർ. അർജുൻ, ടി.എം. രാഹുൽ, ഹരിദാസ്, അനുകുമാർ, കെ.എസ്. ഷാരോൺ, ഗിരീഷ് ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്. പരിക്കേറ്റ അഗ്നിശമന സേനാംഗങ്ങളെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.