അടിമാലി: പ്രളയബാധിതർക്ക് ദുരിതാശ്വാസം ലഭിക്കുന്നില്ലെന്നാരോപിച്ച് വെള്ളത്തൂവൽ പഞ്ചായത്തിലെ യു.ഡി.എഫ് അംഗങ്ങൾ സമരത്തിലേക്ക്. പ്രളയം കഴിഞ്ഞ് ആറ് മാസങ്ങൾ പിന്നിട്ടിട്ടും പഞ്ചായത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നാരോപിച്ചാണ് സമരം. പഞ്ചായത്തിലാകെ 37 വീടുകൾ പൂർണ്ണമായും 126 വീടുകൾ ഭാഗികമായും നഷ്ടപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ കൃഷിയും ഭൂമിയും വളർത്ത് മൃഗങ്ങളും നഷ്ടപ്പെട്ട കർഷകരും പഞ്ചായത്തിലുണ്ട്. ഇവർക്ക് ബഹുഭൂരിപക്ഷത്തിനും ധനസഹായം ലഭിച്ചിട്ടില്ല. പട്ടയമില്ലാത്തവർക്ക് സാമ്പത്തിക സഹായം ലഭിക്കാത്ത സ്ഥിതിയും പ്രതിഷേധത്തിനിടവരുത്തുന്നുണ്ട്. ചുരുക്കം ചിലയാളുകൾക്ക് പ്രളയ ദുരിതാശ്വാസം ലഭിച്ചിട്ടുണ്ടെങ്കിലും കൂടുതലാളുകളും പ്രളയദുരിതാശ്വാസത്തിന് പുറത്ത് നിൽക്കുന്നുവെന്നാണ് പഞ്ചായയത്തംഗങ്ങളുടെ പ്രധാന ആരോപണം. നഷ്ടപരിഹാര തുകയ്ക്കായി ആളുകൾ ഓഫീസുകൾ കയറിയിറങ്ങി മടുത്തെന്നും യു.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരമായില്ലെങ്കിൽ പ്രതൃക്ഷ സമരവുമായി രംഗത്തുവരുമെന്നും ഇവർ വ്യക്തമാക്കി. അടിമാലിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് അംഗങ്ങളായ ഷാഫി മുഹമ്മദ്, റോയി ജോൺ, വി.ആർ. സുകുമാരൻ എന്നിവർ പങ്കെടുത്തു.