അടിമാലി: എൻ.സി.പി ജില്ലാ പ്രസിഡന്റായിരുന്ന ഡോ. കെ. രാജഗോപാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ദിവസം താൻ പാർട്ടി വിടുന്നതായി കാണിച്ച് ഡോ. കെ. രാജഗോപാൽ വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിന് ശേഷം രാജഗോപാൽ കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റായി കഴിഞ്ഞദിവസം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജഗോപാലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കാണിച്ചുള്ള ജില്ലാ നേതൃത്വത്തിന്റെ നടപടി. പാർട്ടി വൈസ് പ്രസിഡന്റായിരുന്ന അനിൽ കൂവപ്ലാക്കലിന് പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകിയതായും ടി.പി. പീതാംബരൻ മാസ്റ്റർ പറഞ്ഞു. എതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു താൻ എൻ.സി.പി ജില്ലാ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് പാർട്ടി വിടുന്നതായി കാണിച്ച് ഡോ. കെ. രാജഗോപാൽ വാർത്താക്കുറിപ്പ് ഇറക്കിയത്. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധമായ നടപടിയിൽ പതിഷേധിച്ച് രാജി വയ്ക്കുന്നുവെന്നായിരുന്നു രാജഗോപാലിന്റെ വിശദീകരണം. എന്നാൽ ഡോ. രാജഗോപാലിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷത്തോളമായി എൻ.സി.പിയുടെ പ്രവർത്തനം ജില്ലയിൽ മരവിക്കപ്പെട്ട സാഹചര്യമായിരുന്നെന്നാണ് മറ്റ് ജില്ലാ നേതാക്കളുടെ നിലപാട്. പുതിയതായി ചേർന്ന ജില്ലാ എക്സിക്യൂട്ടിവ് യോഗത്തിൽ രണ്ടോ മൂന്നോ അംഗങ്ങൾ ഒഴികെ മറ്റെല്ലാവരും പങ്കെടുത്തതായും പാർട്ടി വിട്ടുപോയ പ്രസിഡന്റിനൊപ്പം കാര്യമായി ആരും പാർട്ടിയിൽ നിന്ന് കൊഴിഞ്ഞ് പോയിട്ടില്ലെന്നും നേതാക്കൾ അറിയിച്ചു. എൻ.സി.പി നേതാക്കളായ അനിൽ കൂവപ്ലാക്കൽ, എ.പി. തോമസ്, സിനോജ് വള്ളാടി, എൽ.സി ജോണി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.