പീരുമേട്: ജനവാസ കേന്ദ്രത്തിൽ പ്രവർത്തനം തുടങ്ങുന്ന ടാർ മിക്സിഗ് പ്ലാന്റ് മാറ്റി സ്ഥാപിക്കുന്നതു വരെ ശക്തമായ സമര പരിപാടികളും നിയമ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും ജനകീയ സമര സമിതി നേതാക്കൾ. ഇല്ലെങ്കിൽ പ്ലാന്റിന് മുന്നിൽ കുടിൽ കെട്ടി അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം. സമരത്തിനു പിന്നിൽ സ്വാർത്ഥ താത്പര്യങ്ങൾ ഉണ്ടെന്ന പ്ലാന്റ് ഉടമയുടെ വാദങ്ങൾ തെറ്റാണ്. പിന്നിൽ പ്രദേശവാസികൾ മാത്രമാണ്,​ ഒരു രാഷ്ട്രീയ പാർട്ടിയും ഇല്ല. ദേശീയപായിൽ വണ്ടിപ്പെരിയാർ ചുരക്കുളം കവല മുതൽ നെല്ലിമല വരെ നടക്കുന്ന ദേശീയ പാതയുടെ പണികൾ മുടങ്ങുന്നത് പ്ലാന്റ് പ്രവർത്തിക്കാത്തത് മൂലമാണെന്നുള്ള പ്രചരണം അടിസ്ഥാന രഹിതമാണ്. ബാക്കിയുള്ള ഭാഗങ്ങളിൽ ടാർ ചെയ്തത് പോലെ ഇവിടെയും ടാർ ചെയ്യാവുന്നതാണ്. തോട്ടം ഭൂമി സേവനാധിഷ്ടിത കാര്യങ്ങളല്ലാതെ തരം തിരിക്കാൻ പാടില്ലന്ന നിയമം നിലവിലിരിക്കെയാണ് രണ്ടേക്കറോളം തേയിലത്തോട്ടം പ്ലാന്റിലനായി കൈമാറിയിരിക്കുന്നത്. ഹോട്ട് മിക്സിംഗ് പ്ലാന്റ് തുടങ്ങുന്നതായി അറിവ് കിട്ടിയപ്പോൾ തന്നെ 1070പേർ ഒപ്പിട്ട നിവേദനം പഞ്ചായത്തിനു നൽകിയിരുന്നു. നിർമ്മാണ അനുമതി നൽകരുതെന്ന് ഗ്രാമസഭ പ്രമേയവും പാസാക്കി. രണ്ടു പഞ്ചായത്തംഗങ്ങൾ വിയോജനക്കുറിപ്പും നൽകി. ഇതൊക്കെ മറികടന്നാണ് പഞ്ചായത്ത് അനുമതി നൽകിയത്. ഇതേ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും സമര സമിതി കൺവീനർ ജോയ് മാത്യു പറഞ്ഞു. സമരസമിതിയുടെ നേതൃത്വത്തിൽ ഹ്യൂമൻ റിസോഴ്സ് ഡവലപ്പ്‌മെന്റ് ആന്റ് ട്രെയിനിങ് സെന്ററിന്റെ നേതൃത്വത്തിൽ ഹോട്ട് മിക്സിംഗ് പ്ലാന്റും ആരോഗ്യ പ്രശ്നങ്ങളും എന്ന വിഷയത്തിൽ ഞായറാഴ്ച വൈകിട്ട് പള്ളിക്കുന്നിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്.