അടിമാലി: കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും പൊട്ടിയൊലിക്കുന്ന പൈപ്പുകൾ നന്നാക്കാൻ നടപടിയില്ല. ഇരുന്നൂറേക്കർ മെഴുകുംചാൽ റോഡിൽ ചാറ്റുപാറക്ക് സമീപമാണ് ഒരാഴ്ചയായി പൈപ്പ് പൊട്ടിയൊഴുകുന്നത്. വേനൽ കനത്തതോടെ കുടിവെള്ളം ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ലിറ്റർ കണക്കിന് വെള്ളമാണ് ഓരോ ദിവസവും പൊട്ടിയ പൈപ്പിലൂടെ പാഴായി പോകുന്നത്. പൈപ്പ് പൊട്ടിയ ദിവസം തന്നെ ജലസേചന വകുപ്പിനെ വിവരമറിയിച്ചിട്ടും പരിഹാരമുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒരു കിലോമീറ്ററോളം ദൂരത്തിൽ പൊട്ടിയ പൈപ്പിൽ നിന്ന് വെള്ളം റോഡിലൂടെ നിരന്നൊഴുകുന്നുണ്ട്. പൊട്ടിയ പ്രധാന പൈപ്പിന് സമീപത്തെ ടാപ്പിൽ നിന്ന് 15 കുടുംബങ്ങൾ വെള്ളമെടുത്തിരുന്നു. വെള്ളം റോഡിലൂടൊഴുകാൻ തുടങ്ങിയത് മുതൽ ടാപ്പിൽ വെള്ളമില്ലാത്ത അവസ്ഥയാണെന്ന് കുടുംബങ്ങൾ പരാതിപ്പെടുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇതേ റോഡിൽ ഗ്യാസ്‌പടിക്ക് സമീപവും കുടിവെള്ള പൈപ്പ് പൊട്ടിയത് വലിയ പരാതിക്ക് ഇടവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരാഴ്ചയായി ജലസേചന വകുപ്പിന്റെ പൈപ്പ് പൊട്ടിയൊഴുകിയിട്ടും നന്നാക്കാൻ നടപടിയില്ലെന്ന പരാതിയുമായി നാട്ടുകാർ രംഗത്തെത്തിയത്.