തൊടുപുഴ: ലോക്സഭാ സീറ്റിന് വേണ്ടിയുള്ള അവസാന ശ്രമവും പരാജയപ്പെട്ട കേരളാകോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് കടുത്ത നിരാശയിലും പാർട്ടിയോ മുന്നണിയോ വിടില്ലെന്ന് തൊടുപുഴയിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പാർട്ടിയിൽ രണ്ട് നീതിയാണ്. രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ ജോസ് കെ. മാണിയോട് കാണിച്ച സമീപനം തന്റെ കാര്യത്തിലുണ്ടാകാത്തത് നീതിനിഷേധമാണ്. കോട്ടയത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പാർലമെന്ററി പാർട്ടി യോഗത്തിൽ വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ കോട്ടയം സീറ്റിൽ മത്സരിക്കാനുള്ള താത്പര്യമറിയിച്ചപ്പോൾ വളരെ ലളിതമായ തീരുമാനമുണ്ടാകുമെന്നാണ് കരുതിയത്. പാർലമെന്ററി പാർട്ടി യോഗം ചേർന്നായിരുന്നു ജോസ് കെ. മാണിയെ രാജ്യസഭാ സ്ഥാനാർത്ഥിയായി തീരുമാനിച്ചത്. എന്നാൽ കോട്ടയം സീറ്റിന്റെ കാര്യം ചർച്ച ചെയ്യാൻ സ്റ്റിയറിംഗ് കമ്മിറ്റിയിൽ ചേരാൻ പാർട്ടി ചെയർമാനെ ചുമതലപ്പെടുത്തി. യോഗത്തിന് ശേഷം ഇടുക്കിയിൽ നിന്ന് ഒരാൾ കോട്ടയത്ത് വന്ന് മത്സരിക്കുന്നതിനോട് പ്രാദേശിക നേതാക്കൾക്ക് യോജിപ്പില്ലെന്ന് കെ.എം. മാണി തന്നെ ഫോണിൽ വിളിച്ചു പറഞ്ഞു. അന്ന് രാത്രി 9.15ന് തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാർത്ഥിയാക്കിയെന്ന പത്രക്കുറിപ്പിറക്കി. എന്നെ മനഃപൂർവമായി മാറ്റി നിറുത്താനായി പ്രാദേശികവാദം ഉന്നയിച്ചതാണ്. അത് പാർട്ടിയിലെ ഇതുവരെയുള്ള കീഴ്‌വഴക്കങ്ങൾക്ക് എതിരാണ്. പ്രശ്നം യു.ഡി.എഫ് നേതാക്കൾക്ക് മുന്നിൽ ഉന്നയിച്ചപ്പോൾ കോട്ടയം, ഇടുക്കി സീറ്റുകൾ പരസ്പരം വച്ച് മാറുന്ന കാര്യം പരിഗണിച്ചു. ഇക്കാര്യം ചർച്ച ചെയ്യുന്നതിന് ജോസ് കെ. മാണിയെ ക്ഷണിച്ചു. എന്നാൽ അങ്ങനെയൊരു ചർച്ചയും ആവശ്യമില്ലെന്നായിരുന്നു നിലപാട്. അടുത്ത മാർഗമെന്ന നിലയിൽ വിജയസാദ്ധ്യത പരിഗണിച്ച് ഇടുക്കിയിൽ തന്നെ മത്സരിപ്പിക്കുന്ന കാര്യം ചർച്ച ചെയ്തു. ഇടുക്കിയിൽ നിലവിൽ സ്ഥാനാർത്ഥി പട്ടികയിലുള്ളവർക്ക് വിജയസാദ്ധ്യതയില്ലെന്ന വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന കോൺഗ്രസിന്റെ നിബന്ധന തനിക്ക് അംഗീകരിക്കാനായില്ല. എം.പിയാകാൻ വേണ്ടി കേരളാകോൺഗ്രസ് പാർട്ടിയുടെ താത്പര്യങ്ങൾ ബലികഴിക്കാൻ താൻ തയ്യാറായില്ല. ഇത് പരാജയമല്ല, വലിയ വിജയത്തിനുള്ള തുടക്കമാണ്. ഉൾപാർട്ടി ജനാധിപത്യം ശക്തിപ്പെടുത്താനുള്ള പ്രവർത്തനം തുടരും. ഇന്ന് മുതൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോൻസ് ജോസഫ് എം.എൽ.എ, മുൻ എം.എൽ.എ ടി.യു. കുരുവിള, പാർട്ടി ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജോസി ജേക്കബ് എന്നിവർ ഒപ്പമുണ്ടായിരുന്നു.