ഇടുക്കി: വീടിന് ചുറ്റും മതിലുകെട്ടിത്തിരിച്ചവരെ സങ്കുചിത മനസ്കരെന്ന് വിളിച്ചിരുന്ന കാലം കഴിഞ്ഞു. ഉടമകൾ മഹാമനസ്കരായെന്ന് മാത്രമല്ല മതിലിന് നല്ലവിലയുമായി. പാതയോരത്തെ പരസ്യബോർഡുകൾ നിരോധിച്ച ഹൈക്കോടതി ഉത്തരവും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്ലക്സ്/ പ്ളാസ്റ്റിക് നിയന്ത്രണം ഏർപ്പെടുത്തിയ ഇലക്ഷൻ കമ്മിഷൻ നടപടിയുമാണ് മതിലുകളുടെ മൂല്യം പെട്ടെന്നുയർത്തിയത്. രാഷ്ട്രീക്കാരും വൻകിട ജൂവലറി- വസ്ത്രവ്യാപാരികളും വ്യവസായ സ്ഥാപനങ്ങളുമൊക്കെ മതിലുകൾ തേടി ഇറങ്ങിയതോടെയാണ് ഇന്നലെ വരെ മതിലിന് ഡിമാന്റ് കൂടിയത്. നാലാൾ കാണുന്ന കണ്ണായ പ്രദേശത്താണെങ്കിൽ മതിലിന്റെ മൂല്യം പതിന്മടങ്ങാകും. റസിഡന്റ്സ് കോളനികൾക്ക് അടുത്താണെങ്കിൽ ഡബിൾ ഒകെ. മുമ്പൊക്കെ തിരഞ്ഞെടുപ്പ് കാലമായാൽ കാണാൻ കൊള്ളാവുന്ന മതിലുകൾ ആരോടും ചോദിക്കാതെ രാഷ്ട്രീയക്കാർ കാലേക്കൂട്ടി ബുക്കുചെയ്യുന്ന ഏർപ്പാടുണ്ടായിരുന്നു. അതിൽ തന്നെ കൈയൂക്കുള്ളവർ പത്തും ഇരുപതും വർഷത്തേക്ക് ദീർഘകാല ബുക്കിംഗ് നോട്ടിഫിക്കേഷനും ഇറക്കുമായിരുന്നു. കാലം മാറിയതോടെ മതിലുകൾക്ക് മേലുള്ള അധിനിവേശത്തിനും മൂക്കുകയർ വീണു. അങ്ങനെ ആരുടെ മതിലിലും ചാടിക്കയറി ചിത്രമെഴുതാനാവില്ലെന്നായി. എഴുതണമെങ്കിൽ ഉടമയുടെ സമ്മതം വേണം. പോസ്റ്റർ ഓട്ടിക്കണമെങ്കിൽ പോലും മുൻകൂർ അനുമതി വേണം. വെള്ളപൂശി വൃത്തിയാക്കിയ മതിലിൽ 'ഇവിടെ പരസ്യം പതിക്കരുത്' എന്ന് വൃത്തിയും വെടിപ്പുമുള്ള അക്ഷരത്തിൽ എഴുതിവച്ചപ്പോൾ, അതിനടുത്തുതന്നെ 'ഞങ്ങൾ അങ്ങനെ ചെയ്യുമോ ചേട്ടാ...' എന്ന് വലിയ അക്ഷരത്തിൽ കരികൊണ്ടെഴുതി പ്രതിഷേധം രേഖപ്പെടുത്തിയ വിരുതന്മാരുടെ നാടാണ് കേരളം. അങ്ങനെയിരിക്കെയാണ് വീണ്ടുമൊരു തിരഞ്ഞെടുപ്പുകാലം വരവായത്.
അതോടെ മതിലുചോദിച്ചുവരുന്ന രാഷ്ട്രീയക്കാരോട് അനുമതി ഇല്ലെന്നോ ഉണ്ടെന്നോ പറയാനാവാത്ത ധർമ്മസങ്കടത്തിലായി പലരും. വീടിനും പറമ്പിനും മതിലുകെട്ടാൻ തോന്നിയ മഹാമനസ്കതയെ വാഴ്ത്തിയും പുകഴ്ത്തിയും വീഴ്ത്താനാണ് നേതാക്കളുടെ ആദ്യശ്രമം. അതുകൊണ്ട് വീഴുന്നില്ലെന്നു കണ്ടാൽ ചെറിയൊരു തുക വാടക വാഗ്ദാനം ചെയ്യും. എന്നിട്ടും രക്ഷയില്ലെങ്കിൽ മുഖം കറുപ്പിച്ച് സ്വരം കടുപ്പിക്കും. ഇതിനെങ്ങാനും വഴങ്ങിയാലും ഉടമയുടെ പ്രതിസന്ധി തീരുന്നില്ല. ഇടതനു കൊടുത്താൽ വലതൻ പിണങ്ങും, വലതനുകൊടുത്താൽ ഇടതനും പിണങ്ങും. ഇടതനും വലതനും കൊടുത്താൽ മൂന്നാമൻ പിണങ്ങും. വെറുതെ കൊടുത്താലും വാടകയ്ക്ക് കൊടുത്താലും ഫലം വിദ്വേഷം തന്നെ. പിണക്കം മാറ്റാൻ മതിലുകളുടെ കാര്യത്തിൽ സമദൂരം പാലിച്ചവരുമുണ്ട്. എന്നിട്ടും തീരാത്ത പ്രതിസന്ധിയുമായി മനസ് നീറി കഴിയുമ്പോഴാണ് എന്തുവിലകൊടുത്തും മതിലുകൾ ഏറ്റെടുക്കാൻ പ്രമുഖവ്യാപാരികളും രംഗത്തെത്തിയത്. അതോടെ മതിലിന്റെ മൂല്യം കുതിച്ചുയർന്നത് സ്ഥാനാർത്ഥികളെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലാക്കി.