ഇടുക്കി: പ്രളയക്കെടുതിയിൽ നിന്ന് കരകയറിയിട്ടില്ലാത്ത ഹൈറേഞ്ചിലെ കർഷകരെ സഹായിക്കുന്നതിന് കാർഷിക കടങ്ങൾ എഴുതിത്തള്ളണമെന്ന് എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ഇടുക്കി യൂണിയൻ പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പ്രളയാനന്തരം കാർഷികവിളകളുടെ കുറവും വിലക്കുറവും മൂലം കർഷകർ നട്ടംതിരിയുകയാണ്. കൊക്കോ, കുരുമുളക്, റബർ തുടങ്ങി എല്ലാ കാർഷിക ഉത്പന്നങ്ങളും വിള- വില പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ കാർഷിക കടങ്ങൾ എഴുതി തള്ളി കർഷകരെ സഹായിക്കാൻ സർക്കാർ തയ്യാറാകണം. കീരത്തോട്ടിൽ ചേർന്ന യൂത്ത്മൂവ്‌മെന്റ് പ്രവർത്തകയോഗം എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് ടി.എം. ശശി അദ്ധ്യക്ഷത വഹിച്ചു. മനേഷ് കുടിക്കയത്ത്, വിജയൻ തുരുണ്ടിയിൽ, അജീഷ്, ടി.എം അനു, സനീഷ് നാലുതൊട്ടിയിൽ, നിഖിൽ പുഷ്പരാജ്, ശ്യാം, റജി കളരിക്കൽ, ഷിജു വാറ്റാപുളിക്കൽ എന്നിവർ പ്രസംഗിച്ചു.