അടിമാലി: വൈ.എം.സി.എ അടിമാലി,​ ഇടുക്കി സബ് റീജിയൻ, കെ.എൽ.എം ആക്സീവ തുടങ്ങിയവയുടെ നേതൃത്വത്തിൽ അടിമാലിയിൽ സൗജന്യ മെഗാമെഡിക്കൽ ക്യാമ്പും കാൻസർ രോഗനിർണയവും നടത്തി. കൊച്ചിൻ കാൻസർ സൊസൈറ്റിയുടെയും കോതമംഗലം മാർ ബസോലിയോസ് ദന്തൽ കോളേജിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയായിരുന്നു രോഗ പരിശോധന. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് നിർവഹിച്ചു. അടിമാലി ക്ലബ്ബ് ആഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ ഹൈറേഞ്ചിന്റെ വിവിധ മേഖലകളിൽ നിന്നെത്തിയ നിരവധി പേർ പങ്കെടുത്തു. മലയോര മേഖലയിൽ കാൻസർ രോഗികളുടെ എണ്ണം ഏറി വരുന്ന സാഹചര്യത്തിൽ കൂടിയാണ് സൗജന്യ കാൻസർ രോഗനിർണയ ക്യാമ്പ് നടത്തിയത്. വൈ.എം.സി.എ ഇടുക്കി സബ് റീജിയൺ ചെയർമാൻ സാജു വർഗീസ് ഇടപ്പാറ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കെ.എൽ.എം മാനേജർ ജിജി ബിജു, കുമാരി കുര്യാസ്, ഇ.പി. ജോർജ്ജ്, ടോമി എബ്രഹാം, ബിജു ലോട്ടസ് എന്നിവർ സംസാരിച്ചു. വൈ.എം.സി.എ നടത്തിയ അഖിലകേരള ബാലചിത്ര രചന മത്സരത്തിലെ അടിമാലി യൂണിറ്റുതല വിജയികൾക്കുള്ള സമ്മാനദാനം ഉദ്ഘാടന സമ്മേളനത്തിൽ നടന്നു.