അടിമാലി: അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ദേവികുളം താലൂക്ക് യൂണിയന്റെയും മഹിളാ സംഘത്തിന്റെയും സംയുക്ത വാർഷികാഘോഷവും തിരഞ്ഞെടുപ്പും അടിമാലിയിൽ നടന്നു. അടിമാലി കാർഷിക വികസന ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന യൂണിയൻ വാർഷിക സമ്മേളനം സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി പി. വാമദേവൻ ഉദ്ഘാടനം ചെയ്തു. സംഘടന കൂടുതൽ ശക്തിപ്പെടുത്താൻ അംഗങ്ങൾ ഉണർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയിലൂടെയാണ് വിശ്വകർമ്മ മഹാസഭ കടന്നു പോകുന്നതെന്ന് വാമദേവൻ പറഞ്ഞു. ദേവികുളം താലൂക്കിന്റെ വിവിധ മേഖലകളിൽ നിന്നെത്തിയ നിരവധി പ്രവർത്തകർ വാർഷികാഘോഷത്തിലും തിരഞ്ഞെടുപ്പിലും പങ്കെടുത്തു. സംഘടന സംസ്ഥാന സെക്രട്ടറി കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നേതാക്കളായ കെ.ആർ. ഗോപകുമാർ, ടി.ആർ. രാജൻ എന്നിവർ സംസാരിച്ചു. യൂണിയൻ പ്രസിഡന്റ് കെ.എസ്. കാമരാജ് പതാക ഉയർത്തിയതോടെയായിരുന്നു സമ്മേളനത്തിന് തുടക്കം കുറിച്ചത്. ചടങ്ങിൽ മുൻകാല പ്രവർത്തകരെ ആദരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം നടന്ന മഹിളാ സംഘം താലൂക്ക് സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സരസ്വതി അമ്മാൾ, സംസ്ഥാന സെക്രട്ടറി സുജാത മോഹൻ, യൂണിയൻ പ്രസിഡന്റ് സുജാത മണി, സെക്രട്ടറി പ്രസന്ന ഗോപിനാഥ്, കെ.ആർ. രാധമണി എന്നിവർ സംസാരിച്ചു.