അടിമാലി: പ്രവർത്തകരിൽ ആവേശം വിതച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ അടിമാലിയിൽ വനിതകളുടെ പാർലമെന്റ് നടന്നു. വരാൻ പോകുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ചും കേരളത്തിലെ ഇടതുസർക്കാർ സ്ത്രീകളുൾപ്പെടെയുള്ള വിവിധ ജനവിഭാഗങ്ങൾക്കായി നടപ്പിലാക്കുന്ന പദ്ധതികൾ വിശദീകരിക്കുന്നതിനുമായാണ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ ദേവികുളം നിയോജക മണ്ഡലത്തിൽ വനിതാപാർലമെന്റ് നടത്തിയത്. അടിമാലി പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന പാർലമെന്റ് ചലച്ചിത്രതാരം ഗായത്രി ഉദ്ഘാടനം ചെയ്തു. വനിതകളുടെ നവോത്ഥാനത്തെ പിറകോട്ടടിക്കുന്ന നേതൃത്വമാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നതെന്ന് ഗായത്രി പറഞ്ഞു. വൈദ്യുതി മന്ത്രി എം.എം. മണി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കിയിലെ ഇടതുസ്ഥാനാർത്ഥി ജോയ്സ് ജോർജ്ജിനെ വിജയിപ്പിക്കാൻ പ്രവർത്തകരൊന്നാകെ രംഗത്തിറങ്ങണമെന്ന് എം.എം. മണി ആവശ്യപ്പെട്ടു. വികസന ഫണ്ടുകൾ ജില്ലയ്ക്കായി വേണ്ട വിധത്തിൽ വിനിയോഗിച്ച എം.പിയാണ് ജോയ്സ് ജോർജെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുസ്ഥാനാർത്ഥി അഡ്വ.ജോയ്സ് ജോർജ്ജ് സമ്മേളനത്തിൽ സംബന്ധിച്ചു. ഇടുക്കിക്കായി താൻ നടത്തിയ വികസനപ്രവർത്തനങ്ങളെ പാർലമെന്റിന് മുമ്പാകെ തുറന്നവതരിപ്പിച്ച ജോയ്സ് ജോർജ്ജ് വനിതാപ്രവർത്തകർക്കിടയിൽ വോട്ടഭ്യർത്ഥന നടത്തി. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എസ്. രാജേന്ദ്രൻ എം.എൽ.എ, ബീന സേവ്യർ, ശോഭന ഫ്രാൻസീസ്, ശക്തി വേൽ, പി.ജെ. അജിത, ഗോപി കോട്ടമുറിക്കൽ എന്നിവർ പങ്കെടുത്തു.