ഇടവെട്ടി: തൊണ്ടിക്കുഴ ഗവ. യുപി സ്‌കൂളിൽ മോഷണവും സാമൂഹ്യവിരുദ്ധ ശല്യവും വർദ്ധിച്ച സാഹചര്യത്തിൽ സി.സി ടി.വി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ സ്‌കൂളിൽ അദ്ധ്യാപകരും രക്ഷിതാക്കളുമാണ് ഇത്തരമൊരു ആവശ്യം മുന്നോട്ട് വയ്ക്കുന്നത്. സ്‌കൂളിൽ അനധികൃതമായി പ്രവർത്തിക്കുന്നവരെ പിടികൂടണം. ഇതിനായി വിവിധയിടങ്ങളിൽ സി.സി ടി.വി സ്ഥാപിക്കുകയും കൂടുതൽ വെളിച്ചം ഒരുക്കുകയും വേണം. അനധികൃതമായി പ്രവേശിക്കുന്നവർക്കെതിരെ നടപടിയുണ്ടാകണം. ഇതിനായി പഞ്ചായത്തിന്റെയും പൊലീസിന്റെ സഹായവും ആവശ്യമാണ്. സർക്കാർ ഫണ്ട് ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ സന്നദ്ധ സംഘടനകളുടെ സഹായം തേടണമെന്നും നിർദ്ദേശം ഉയരുന്നുണ്ട്. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിലായി 126 കുട്ടികളാണ് ജില്ലയിലെ ആദ്യ സ്മാർട്ട് സ്‌കൂൾ കൂടിയായ ഇവിടെ പഠിക്കുന്നത്. അടച്ച് പൂട്ടിന്റെ വക്കിൽ വരെയെത്തിയ സ്‌കൂൾ അടുത്ത നാളുകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് തിരിച്ചെത്തുകയായിരുന്നു. നിരവധി പ്രമുഖർ പഠിച്ചിറങ്ങിയ സ്‌കൂൾ ഇന്ന് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ്. ഹെഡ്മാസ്റ്റർ സി.സി. രാജൻ ചുമതലയേറ്റതിന് പിന്നാലെയാണ് സ്‌കൂൾ പഠനകാര്യത്തിൽ ഏറെ മുന്നിലെത്തുന്നത്. ഇതോടെ ഇങ്ങോട്ട് വിദ്യാർത്ഥികൾ കൂടുതലായെത്തി.
പാഠ്യേതര വിഷയങ്ങളിലും മികവുറ്റ പ്രവർത്തനമാണ് സ്‌കൂൾ കാഴ്ചവയ്ക്കുന്നത്. കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാതെ പഠിക്കാൻ സാധിക്കുന്ന അന്തരീക്ഷമാണെങ്കിലും രാത്രിയാകുന്നതോടെ സാമൂഹ്യവിരുദ്ധരുടെ താവളമായി മേഖല മാറുകയാണ്. മതിൽ കെട്ടിയിട്ടുണ്ടെങ്കിലും ഗേയിറ്റിലൂടെയാണ് ഇത്തരക്കാരുടെ പ്രവേശനം. പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ ഇനി കുട്ടികൾ ഇങ്ങോട്ട് വരാൻ മടിക്കുമെന്ന ഭയവും അദ്ധ്യാപകർക്കുണ്ട്. പഞ്ചായത്തിലെ തന്നെ ഏക യു.പി സ്‌കൂൾ സംരക്ഷിക്കാൻ പഞ്ചായത്തും പൊലീസും ഉണർന്ന് പ്രവർത്തിക്കണമെന്ന ആവശ്യം നാട്ടുകാർക്കിടയിലും ശക്തമാണ്.