പീരുമേട്: രാജഭരണകാലത്തും ബ്രിട്ടീഷ് ഭരണകാലത്തും പീരുമേട്ടിലെ ഭരണസിരാകേന്ദ്രമായിരുന്ന നിരവധി ബംഗ്ലാവുകൾ ആരും സംരക്ഷിക്കാനില്ലാതെ കാടുകയറി നശിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള എൻജിനിയർസ് ബംഗ്ലാവാണ് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. പീരുമേട് ശ്രീകൃഷ്ണ മേജർ സ്വാമി ക്ഷേത്രത്തിന് എതിർവശത്ത് അഴുതയാറിന്റെ തീരത്ത് മലമുകളിലാണ് ബ്രിട്ടീഷുകാർ നിർമ്മിച്ച പൊതുമരാമത്തിന്റെ കീഴിലുള്ള എൻജിനിയേർസ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. തിരുവതാംകൂർ രാജകുടുംബത്തിന്റെ വേനൽക്കാല താവളമായിരുന്ന പീരുമേട്ടിൽ നൂറ് വർഷങ്ങൾക്ക് മുകളിൽ പഴക്കമുള്ള നിരവധി കെട്ടിടങ്ങളാണുള്ളത്. അന്ന് ഇവയിൽ കൂടുതലും ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്നവയാണ്. ഇവ പലതും ഇപ്പോൾ പൊതുമരാമത്ത് വകുപ്പിന്റെ കൈവശമാണുള്ളത്. രാജഭരണ കാലത്ത് പ്രധാനപ്പെട്ട കാര്യാലയങ്ങളായിരുന്നു ഈ കെട്ടിടങ്ങൾ. ഉയരം കൂടിയതും പീരുമേടിന്റെ ഏറ്റവും മനോഹരവുമായ സ്ഥലത്താണ് ഈ മന്ദിരങ്ങൾ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഓർമകൾ ഉണർത്തുന്ന നിർമ്മാണ രീതിയാണ് ഈ കെട്ടിടത്തിന്റെ പ്രത്യേകത. ബ്രിട്ടിഷ് ആർക്കിടെക്ചറിൽ നീണ്ട വരാന്തകളാലും വലിയ ജനലുകളാലും സമ്പന്നമാണ് ഇവ. പ്രവേശന കവാടവും പൂന്തോട്ടവും കുതിര ലയവും കുതിരകൾക്കു നടക്കാനുള്ള പ്രത്യേക പാതയും ഇവിടെയുണ്ട്. കെട്ടിടത്തിനുള്ളിലെ വില പിടിപ്പുള്ള ഫർണിച്ചറുകളും ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഇന്ന് ഇവിടം സാമൂഹ്യ വിരുദ്ധരുടെ പ്രധാന താവളമാണ്. മദ്യ കുപ്പികളും പ്ലാസ്റ്റിക്കുകളും നിറഞ്ഞ് ഇവിടം മലിനമയമായി.
നൂറ് വർഷത്തിലേറെ പഴക്കം
ഈ കെട്ടിടങ്ങളെല്ലാം നൂറ് വർഷത്തിലേറെ പഴക്കമുള്ളവയാണ്. ഹെറിറ്റേജ് ടൂറിസത്തിന് ഇന്ന് വിനോദസഞ്ചാരികൾ ഏറുമ്പോൾ ഇതേ ഭംഗി നിലനിറുത്തി വിനോദ സഞ്ചാര പദ്ധതികൾ ആവിഷ്‌കരിക്കാനുള്ള സാധ്യതകൾ പീരുമേട് മേഖലകളിൽ ഏറെയുണ്ടെങ്കിലും അധികൃതർ പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് ആക്ഷേപം.