മറയൂർ: മറയൂർ മേഖലയിൽ പൊലീസ് നടത്തിയ റെയ്ഡിൽ കഞ്ചാവ് പൊതിയുമായി മൂന്നു യുവാക്കൾ പിടിയിലായി. ഞായറാഴ്ച രാവിലെ എട്ടിന് മറയൂർ പുന്നക്കര കണിയാട്ട് വീട്ടിൽ വിഘ്‌നേശിനെയാണ് (20) കഞ്ചാവ് പൊതികളുമായി മറയൂർ സെന്റ് മേരീസ് യു.പി സൂൾ പരിസരത്ത് നിന്ന് പിടികൂടിയത്. മുമ്പും കഞ്ചാവ് കേസിൽ പ്രതിയായിരുന്നു. മറ്റൊരു കേസിൽ കഞ്ചാവു പൊതികളുമായി കാന്തല്ലൂർ ചാനൽ മേട് ജയകുമാർ (25), മറയൂർ മേലാടി സ്വദേശി മഹാരാജൻ (20) എന്നിവരെ മറയൂർ ഗവ. ഹൈസ്‌കൂൾ പരിസരത്ത് നിന്ന് പിടികൂടി. ഇതിൽ ജയകുമാറിനെ കഴിഞ്ഞ ദിവസം കഞ്ചാവുമായി പൊലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉടൻ ഇയാൾ വീണ്ടും കഞ്ചാവുമായി പിടിയിലാവുകയായിരുന്നു. സ്‌കൂൾ കുട്ടികൾക്ക് സ്ഥിരമായി കഞ്ചാവ് വില്പന നടത്തുന്നവരും ഉപയോഗിക്കുന്നവരുമാണ് പിടിയിലായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെയും മൂന്നാർ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെയും നിർദ്ദേശപ്രകാരമാണ് വ്യാപകമായ റെയ്ഡ് നടന്നത്. മറയൂർ സി.ഐ വി.ആർ. ജഗദീഷ്, എസ്.ഐ ടി.ആർ. രാജൻ, ടി.എം. അബ്ബാസ്, ജോളി. എം. ജോസഫ്, ഷിഹാബുദ്ദീൻ, അനുകുമാർ, ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കി.