ഇടുക്കി: എൻ.ഡി.എയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിനിടെ ഇടുക്കിയിൽ ഇടത്- വലതു മുന്നണികളിൽ പഴയ എതിരാളികൾ കളത്തിൽ കാലുറപ്പിച്ചു. ആദ്യം സ്ഥാനാർത്ഥിയായെത്തിയ ജോയിസ് ജോർജ് വിശാലമായ ഇടുക്കി മണ്ഡലത്തിൽ ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കിയ ദിവസമാണ് എതിരാളിയായ ഡീൻ കുര്യാക്കോസ് അങ്കത്തട്ടിലെത്തിയത്. സ്ഥാനാർത്ഥി പ്റഖ്യാപനം വൈകിയെങ്കിലും വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനമുൾപ്പെടെ സംഘടനാസംവിധാനം ശക്തമാക്കി യു.ഡി.എഫ് മണ്ഡലത്തിൽ സജീവമായുണ്ട്. ഇന്നലെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തൊടുപുഴയിൽ എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഗാന്ധിസ്ക്വയറിൽ വൻ വരവേൽപ്പ് നൽകി. തുടർന്ന് രാജീവ് ഭവനിൽ പ്രധാനപ്രവർത്തകരുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം പുറപ്പുഴയിൽ പി.ജെ. ജോസഫിനെ വീട്ടിലെത്തി സന്ദർശിച്ചു. കഴിഞ്ഞതവണത്തെ പോരായ്മകൾ പരിഹരിച്ച് മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ഒറ്റലക്ഷ്യമാണ് യു.ഡി.എഫിനുള്ളത്. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ സംസ്ഥാന സർക്കാരിന്റെ വീഴ്ചയും കർഷക ആത്മഹത്യയുമൊക്കെ തങ്ങൾക്ക് അനുകൂലമാകുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് യു.ഡി.എഫ്.

ഭൂരിപക്ഷം ഇരട്ടിയാക്കാൻ എൽ.ഡി.എഫ്

കഴിഞ്ഞ തവണത്തെ അരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ ഇരട്ടിയാക്കുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ജോയ്‌സ് ജോർജും എൽ.ഡി.എഫും കളത്തിലിറങ്ങിയിരിക്കുന്നത്. ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളും സന്ദർശിച്ച് വോട്ടർമാരെ നേരിൽ കണ്ടാണ് ജോയിസ് ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കുന്നത്. ഉടുമ്പൻചോലയിൽ നിന്ന് ആരംഭിച്ച് തൊടുപുഴ, കോതമംഗലം, മൂവാറ്റുപുഴ, ഇടുക്കി, ദേവികുളം, പീരുമേട് മണ്ഡലങ്ങളിൽ സന്ദർശനം നടത്തി. കട്ടപ്പനയിൽ പാർലമെന്റ് മണ്ഡലം കൺവെൻഷനിലും കോതമംഗലം, തൊടുപുഴ, ഇടുക്കി, ദേവികുളം, പീരുമേട് അസംബ്ലി മണ്ഡലം കൺവെൻഷനുകളും പൂർത്തിയാക്കി. നാല് മണ്ഡലങ്ങളിൽ നടന്ന വനിത പാർലമെന്റിലും സ്ഥാനാർത്ഥി പങ്കെടുത്തു. കടകമ്പോളങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, സ്‌കൂൾ കോളജുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഓട്ടോ ടാക്‌സി തൊഴിലാളികൾ, ചുമട്ടു തൊഴിലാളികൾ എന്നിവരെ ചുരുങ്ങിയ സമയത്തിനുള്ളിൽ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചെന്നും ജോയ്സ് അവകാശപ്പെടുന്നു.
4750 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും പാർലമെന്റിൽ നടത്തിയ മികച്ച പ്രകടനവും സാമൂഹിക വിഷയങ്ങളിലെ ഇടപെടലുകളും മണ്ഡലത്തിലെ സാന്നിദ്ധ്യവും ജനങ്ങളുമായി ചർച്ച ചെയ്താണ് സ്ഥാനാർത്ഥി മുന്നോട്ട് നീങ്ങുന്നത്.

ഇന്നലെ രാവിലെ മൂന്നാറിൽ സി.പി.ഐയുടെ മുതിർന്ന നേതാവ് സി.എ. കുര്യനെ സന്ദർശിച്ചതിന് ശേഷമാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. രാവിലെ ബൈസൺവാലി, വെള്ളത്തൂവൽ പഞ്ചായത്തുകളിൽ പര്യടനം നടത്തിയശേഷം അടിമാലിയിൽ നടന്ന വനിതാ പാർലമെന്റിലും അസംബ്ലി മണ്ഡലം കൺവൻഷനിലും പങ്കെടുത്തു. വൈകിട്ട് അഞ്ചിന് കുമളിയിൽ പീരുമേട് അസംബ്ലി മണ്ഡലം കൺവൻഷനിലും പങ്കെടുത്തശേഷം കുമളി ടൗണിൽ വോട്ട് അഭ്യർത്ഥിച്ചു. ചുവരെഴുത്തുൾപ്പെടെയുള്ള പ്രചരണപരിപാടികളിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും പൂർത്തിയാട്ടില്ലെങ്കിലും എൻ.ഡി.എ സംഘടനാതലത്തിൽ തിരക്കിട്ട പരിപാടികളുമായി കളംനിറഞ്ഞുനിൽക്കുകയാണ്.