കട്ടപ്പന: പശ്ചിമഘട്ടത്തിലെ അപൂർവ ജന്തുജാലങ്ങളുടെ ഗണത്തിൽപ്പെട്ട നക്ഷത്ര ആമയെ വിൽക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ വനപാലകർ നാടകീയമായി പിടികൂടി. പെരുമ്പാവൂർ വളയംചിറങ്ങര കല്ലുകൂട്ടത്തിൽ വി.എം. മോഹനൻ (59), കൊട്ടാരക്കര വെണ്ടാർ കോണത്തുപറമ്പിൽ എസ്. ലാലു (53), ഉപ്പുതറ കൊല്ലംപറമ്പിൽ ജയിസൺ ജോസഫ് (44), ഉപ്പുതറ പത്തേക്കർ പുത്തൻപുരയ്ക്കൽ മുത്തുരാജ് (37), ഇയാളുടെ സഹോദരൻ മോഹനൻ (30) എന്നിവരാണ് പിടിയാലായത്. കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു കച്ചവടം. ആമ വിൽപ്പനക്കാർ ലോഡിജിൽ തമ്പടിച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാങ്ങാൻ താത്പര്യമുണ്ടെന്ന വ്യാജേന വനംവകുപ്പ് ഉദ്യോഗസ്ഥർ കെണിയൊരുക്കുകയായിരുന്നു. വിലപേശലനിടെ ആമയെ വാങ്ങാനെത്തിയത് വനപാലകരാണെന്ന് തിരിച്ചറിഞ്ഞ സംഘം ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് ഒരു നക്ഷത്ര ആമയെയും കണ്ടെടുത്തു. തമിഴ്നാട് രാജപാളയത്ത് നിന്നുമാണ് ആമയെ കൊണ്ടുവന്നതെന്നാണ് പ്രതികൾ പറയുന്നത്. നക്ഷത്ര ആമയെ വീട്ടിൽ വളർത്തിയാൽ വലിയ ഐശ്വര്യമുണ്ടാകുമെന്ന അന്ധവിശ്വാസം മുതലെടുത്ത് മോഹവില വ്യാപാരമാണ് നടക്കുന്നത്. നക്ഷത്ര ആമ, ഇരുതലപാമ്പ്, വെള്ളിമൂങ്ങ തുടങ്ങിയ വന്യജീവികളെയും കടുവയുടെ തോൽ, നഖം, ആനക്കൊമ്പ് തുടങ്ങിയ അമൂല്യവസ്തുക്കളും വിദേശരാജ്യങ്ങളിലുൾപ്പെടെ വിൽപ്പന നടത്തുന്ന വൻസംഘം കേരളത്തിലും തമിഴ്നാട്ടിലുമായി പ്രവർത്തിക്കുന്നുണ്ട്. പിടിയിലായ പ്രതികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദമായി ചോദ്യം ചെയ്യുകയാണ്. കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷനിലെ എൻ.എൻ. ഉണ്ണിക്കൃഷ്ണൻ, വി.എസ്. മനോജ്, പി.കെ.അനീഷ് കുമാർ, ബിജോ, എൻ.എ മനോജ്, പ്രദീപ് എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.