ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാർത്ഥം ഇടുക്കി കളക്ടറേറ്റിൽ മാതൃകാ പോളിംഗ് സ്‌റ്റേഷൻ തുറന്നു. ജില്ലാകളക്ടർ എച്ച്. ദിനേശൻ ഉദ്ഘാടനം ചെയ്തു. വോട്ടിംഗ് യന്ത്രവും വിവിപാറ്റ് സംവിധാനവും പരിചയപ്പെടുത്തുക, തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക, വോട്ടുചെയ്യാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശ്യങ്ങളോടെയാണ് മാതൃകാ പോളിംഗ് സ്റ്റേഷൻ തുറന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകിയയെയും വോട്ടിംഗ് യന്ത്രത്തെയും കുറിച്ചുള്ള ബോധവത്കരണ പരിപാടി സ്വീപിന്റെ ഭാഗമായിട്ടാണ് പോളിംഗ് സ്റ്റേഷൻ തയ്യാറാക്കിയത്. കളക്ടറേറ്റിൽ സജ്ജമാക്കിയിരിക്കുന്ന മാതൃകാ പോളിംഗ് സ്റ്റേഷനിൽ വോട്ടിന്റെ പ്രാധാന്യവും ഒരു സമ്മതിദായകനും ഒഴിവാക്കപ്പെടരുതെന്നുള്ള പോസ്റ്ററുകളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി ചക്രകസേരയും വോട്ടർമാർക്ക് ദാഹമകറ്റാൻ കുടിവെള്ളവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് മാതൃകാ പോളിംഗ് സ്റ്റേഷന്റെ പ്രവർത്തന സമയം. റിട്ടേണിഗ് ഓഫീസറും മൂന്ന് പ്രിസൈഡിംഗ് ഓഫീസർമാരുമാണ് പോളിംഗ് ബൂത്ത് നിയന്ത്രിക്കുന്നത്. പോളിംഗ് ഏജന്റുമാർക്കുള്ള ഇരിപ്പിടവും ക്രമീകരിച്ചിട്ടുണ്ട്. ഇത്തവണ തിരഞ്ഞെടുപ്പിൽ നടപ്പാക്കുന്ന വിവിപാറ്റ് യന്ത്രവും മാതൃക പോളിംഗ് സ്റ്റേഷനിലുണ്ട്. രേഖപ്പെടുത്തിയ വോട്ട് ആർക്കാണെന്ന് വിവിപാറ്റ് യന്ത്രത്തിലൂടെ വോട്ടർക്ക് കാണാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കളക്ടറേറ്റ് ജീവനക്കാരായ എം.ആർ. ശ്രീകാന്ത്, എം.എസ് രാജ്‌മോൻ എന്നിവർ ചേർന്ന് തയ്യാറാക്കിയ വോട്ട് പാട്ടും സ്വീപ് ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ചു. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ജോസ് ജോർജ്, സ്വീപ് നോഡൽ ഓഫീസർ കെ.എസ്. ശ്രീകല, ഇലക്ഷൻ ജൂനിയർ സൂപ്രണ്ട് വിൻസന്റ്, പബ്ലിക് റിലേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ എൻ.പി. സന്തോഷ്, സി.വി. വർഗീസ്, എം.ഡി. അർജുനൻ, എസ്. സുരേഷ്, പി. രാജൻ എന്നിവർ പങ്കെടുത്തു.

ദേവികുളം റവന്യൂ ഡിവിഷൻ ഓഫീസിൽ തുറന്ന മാതൃക പോളിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം സബ്‌കളക്ടർ രേണു രാജ് നിർവഹിച്ചു. ദേവികുളം നിയമസഭ മണ്ഡലത്തിൽ പരമാവധി പോളിംഗ് ശതമാനം ഉയർത്തുകയാണ് ലക്ഷ്യമെന്നും പൊതുജനങ്ങൾക്ക് പുതിയ വോട്ടിംഗ് സംവിധാനത്തെക്കുറിച്ചുള്ള സംശയനിവാരണം നടത്താനുള്ള അവസരമാണ് ക്രമീകരിച്ചിട്ടുള്ളതെന്നും സബ്‌കളക്ടർ അറിയിച്ചു. തിരഞ്ഞെടുപ്പു തീയതി വരെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ച് വരെ ഇവിടെ എത്തുന്ന പൊതുജനങ്ങൾക്ക് വോട്ട് ചെയ്ത് നോക്കുന്നതിനും സംശങ്ങൾ ചോദിച്ചു മനസിലാക്കുന്നതിനും സാധിക്കും. വിവി പാറ്റ് സംവിധാനം ഉൾപ്പെടെ ക്രമീകരിച്ചിട്ടുണ്ട്.